മയ്യിൽ (കണ്ണൂർ)∙ വനിതാമതിലിൽ പങ്കെടുക്കാതിരുന്നവർക്കു തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നിഷേധിച്ചതായി പരാതി. മയ്യിൽ പഞ്ചായത്തിലെ കയരളം മേച്ചേരിയിൽ രാവിലെ ജോലിക്കെത്തിയ 30 സ്ത്രീകളെ തിരിച്ചയച്ചെന്നാണ് ആക്ഷേപം. തുടർന്ന് ഇവർ പഞ്ചായത്ത് ഓഫിസിൽ അന്വേഷിച്ചപ്പോൾ പുതിയ ഹാജർപട്ടിക ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നിന്ന് എത്താത്തതു മൂലമാണ് തൊഴിൽ നൽകാനാകാത്തത് എന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. ഇതംഗീകരിക്കാതെ തൊഴിലാളികൾ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധമുയർത്തി. കലക്ടർക്കു പരാതി നൽകാനാണ് ഇവരുടെ തീരുമാനം.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന എല്ലാവരും വനിതാമതിലിൽ പങ്കെടുക്കണമെന്നു പഞ്ചായത്തിൽ നിന്നു കർശന നിർദേശമുണ്ടായിരുന്നതായി തൊഴിലാളികൾ പറയുന്നു. രാവിലെ ജോലിക്കെത്തിയപ്പോൾ വനിതാമതിലിൽ പങ്കെടുക്കാത്തവർക്കു ജോലി നൽകേണ്ടെന്നാണു പഞ്ചായത്തിൽ നിന്നുള്ള തീരുമാനമെന്നു പദ്ധതിയുടെ വാർഡ്തല ചുമതലയുള്ളയാൾ അറിയിച്ചതായും ഇവർ പറഞ്ഞു.