മൂന്നാം വാർഷികാഘോഷത്തിനു പെരുമാറ്റച്ചട്ട ഭീഷണി; 1000 ദിവസ ആഘോഷത്തിന് സർക്കാർ

തിരുവനന്തപുരം∙ പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വാർഷികാഘോഷം ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങുമെന്നതിനാൽ മന്ത്രിസഭയുടെ 1000 ദിവസങ്ങൾ ആഘോഷിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗം ഇതിനായി എ.കെ. ബാലൻ കൺവീനറായി ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി. എ.കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങൾ.

ഫെബ്രുവരി 15 മുതൽ എല്ലാ ജില്ലയിലും ആഘോഷം സംഘടിപ്പിക്കും. വിശദാംശങ്ങൾ മന്ത്രിസഭാ ഉപസമിതി തയാറാക്കും. പുതിയ വികസന പദ്ധതികൾക്കു തുടക്കം കുറിക്കുക, പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം നടത്തുക എന്നിവയും ആഘോഷത്തിന്റെ ഭാഗമാണ്. പുറമേ മറ്റു പരിപാടികളും. പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനങ്ങൾ നടത്താനാവില്ല. മന്ത്രിസഭ മൂന്നു വർഷം പൂർത്തിയാക്കുന്ന മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടായിരിക്കും. പെരുമാറ്റച്ചട്ടം മൂലം സർക്കാർ പരിപാടികളൊന്നും അപ്പോൾ നടത്താനാവില്ല.