തൃശൂർ ∙ രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്കുകൂടി കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ അധ്യയന ദിവസങ്ങളിൽ ആകെ കുറവ് 14 ദിവസം. പരീക്ഷകൾ ഒഴിച്ചുനിർത്തി 173 അധ്യയന ദിവസങ്ങൾ കണക്കാക്കിയിടത്ത് ആകെ നടക്കാനിടയുള്ളത് 159 പ്രവൃത്തിദിനം മാത്രം. ഇതിൽത്തന്നെ ഫെബ്രുവരി പകുതിയോടെ മോഡൽ പരീക്ഷ നടത്തുന്നതിനായി ഷിഫ്റ്റ് ഏർപ്പെടുത്തുന്നതോടെ നഷ്ടപ്പെടുന്ന അധ്യയനസമയം ഇനിയും കൂടും.
2018–19 വർഷത്തിലെ അക്കാദമിക് കലണ്ടർ അനുസരിച്ച് ശനിയാഴ്ചകളിലെ ക്ലാസ് ഉൾപ്പെടെ 200 അധ്യയന ദിവസങ്ങളാണ് സർക്കാർ ഉറപ്പു പറഞ്ഞിരുന്നത്. ജൂൺ മുതൽ ഡിസംബർ വരെ 129 അധ്യയന ദിനങ്ങൾ നടക്കേണ്ട സ്ഥാനത്തു നടന്നത് 118 ദിവസം മാത്രം. സംസ്ഥാന തലത്തിലുള്ള ഹർത്താലുകളും വിദ്യാഭ്യാസ ബന്ദും കാരണമാണ് 11 ദിവസം നഷ്ടമായത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 44 അധ്യയന ദിവസങ്ങൾ അക്കാദമിക് കലണ്ടറിൽ കണക്കാക്കിയിട്ടുണ്ട്. ഈ മാസത്തെ 3 ഹർത്താലടക്കം ഈ അക്കാദമിക് വർഷത്തെ ആകെ നഷ്ടം 14 ആയി.
പ്രളയം, നിപ്പ എന്നിവ മൂലവും പ്രാദേശിക ഹർത്താലുകൾ മൂലവും പ്രാദേശികമായി സ്കൂളുകൾക്കു വേറെയും അവധിയുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ ചില സ്കൂളുകളിൽ 24 ദിവസത്തെ അധ്യയനം പ്രളയത്തെത്തുടർന്നു മാത്രം നഷ്ടപ്പെട്ടിട്ടുണ്ട്. 6 മുതൽ 12 വരെ ക്ലാസുകളിലുള്ളവർക്ക് 220 അധ്യയന ദിവസം വേണമെന്നാണു നിയമം നിഷ്കർഷിക്കുന്നത്. ഫലത്തിൽ സർക്കാർ വേണ്ടെന്നു വച്ച 20 ദിവസവും സമരക്കാർ നഷ്ടപ്പെടുത്തിയ 14 ദിവസവും അധ്യയനം മുടങ്ങി. ഏതാനും ശനിയാഴ്ചകളിൽ ഹയർ സെക്കൻഡറിക്ക് ക്ലാസ് വച്ചതു തന്നെ അധ്യാപകർക്കിടയിൽ വലിയ എതിർപ്പുകളാണ് ഉണ്ടാക്കിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 220 ആണ് അധ്യയന ദിവസം.
മണിക്കൂറിന് ദൈർഘ്യം കൂട്ടി സർക്കാരിന്റെ ‘സൂത്ര’വാക്യം
പീരിയഡ് ഏഴുള്ളത് 8 ആക്കിയാൽ ബോധന മണിക്കൂർ കൂടുമോ? വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിർദേശം മറികടക്കാൻ സർക്കാർ കണ്ടെത്തിയ സൂത്രവാക്യം അതാണ്. 6ാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 1000 ബോധന മണിക്കൂറും 6ൽ താഴെയുള്ള കുട്ടികൾക്ക് 800 ബോധന മണിക്കൂറും വേണമെന്നാണ് നിയമം നിഷ്കർഷിക്കുന്നത്. എന്നാൽ, അക്കാദമിക് കലണ്ടർ അനുസരിച്ച് കേരളത്തിൽ എല്ലാ വിദ്യാർഥികൾക്കും ഉള്ളത് 200 അധ്യയന ദിവസം. ഒരു ദിവസം 9.30 മുതൽ 3.30 വരെയുള്ള ഏഴ് പീരിയഡ് എന്നത് 8 പീരിയഡ് ആക്കുകയാണ് കൂടുതൽ മണിക്കൂർ അധ്യയനം നടത്താൻ സർക്കാർ കണ്ടെത്തിയ വഴി.