സാമ്പത്തിക സംവരണം: കേന്ദ്ര തീരുമാനം ചരിത്രപരമെന്നു ജി. സുകുമാരൻ‍ നായർ

g-sukumaran-nair
SHARE

ചങ്ങനാശേരി ∙ നിലവിലുള്ള സംവരണവ്യവസ്ഥകൾക്ക് ഒരുവിധ മാറ്റവും വരുത്താതെ തന്നെ, പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസം, തൊഴിൽ  മേഖലകളിൽ 10% സാമ്പത്തികസംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാർഹവുമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ‍ നായർ.

മാറിമാറി വരുന്ന സർക്കാരുകളോട് മന്നത്തു പത്മനാഭന്റെ കാലം മുതൽ എൻഎസ്എസ് ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിത്. ഈ ആവശ്യം ഉന്നയിച്ചു നിവേദനങ്ങൾ നൽകുകയും സമാധാനപരമായി പ്രതിഷേധപ്രകടനങ്ങൾ നടത്തിവരികയും ചെയ്യുകയായിരുന്നു. മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനും അവർക്കുള്ള ക്ഷേമപദ്ധതികൾ നിശ്ചയിക്കാനും കേന്ദ്ര സർക്കാർ നിയമിച്ച സിൻഹു കമ്മിഷൻ മുൻപാകെ വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എൻഎസ്എസ് ഹാജരാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലും കൂടി കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടായത്. എല്ലാ വിഭാഗങ്ങൾക്കും സാമൂഹികനീതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA