പണിമുടക്ക് ബാധിക്കാതെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ

SHARE

തിരുവനന്തപുരം ∙ സെക്രട്ടറിയേറ്റിലെ 4860 ജീവനക്കാരിൽ ഇന്നലെയെത്തിയത് 115 പേർ മാത്രമെങ്കിൽ തൊട്ടടുത്തു കേന്ദ്ര സർക്കാർ സ്ഥാപനമായ അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ഹാജർ 90 ശതമാനമായിരുന്നു. തിരുവനന്തപുരത്തു ദൂരദർശൻ, വിഎസ്എസ്‍സി ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിച്ചില്ല.

അതേസമയം, തപാൽ മേഖലയെ സമരം ബാധിച്ചു. മുൻകാല സർവീസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികളുണ്ടാകുമെന്ന കേന്ദ്ര സർക്കാർ താക്കീതിനിടയിലും ജീവനക്കാരിൽ വലിയ പങ്കും പണിമുടക്കിയതായി വിവിധ യൂണിയനുകൾ അറിയിച്ചു. സംസ്ഥാനത്തെ അയ്യായിരത്തിലധികം ആർഎംഎസ് ഓഫിസുകൾ രണ്ടു ദിവസവും അടഞ്ഞുകിടന്നു. സേവിങ്സ് ബാങ്ക്, സ്പീഡ് പോസ്റ്റ്, മെയിൽ സർവീസ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.

ജോലിക്കെത്തിയതിന് മർദനമെന്ന് പരാതി

ആലപ്പുഴ വള്ളികുന്നത്ത് ജോലിക്കെത്തിയ വൈദ്യുതി ബോർഡ് ജീവനക്കാരനെ സബ് എൻജിനീയർ മർദിച്ചെന്നു പരാതി. സീനിയർ അസിസ്റ്റന്റ് ക്ലാർക്ക് അരൂർ കാട്ടിശേരിൽ ലിജിമോനാണു സിഐടിയു യൂണിയൻ അംഗമായ സബ് എൻജിനീയർ ഓമനക്കുട്ടനെതിരെ പരാതി നൽകിയത്. ചുണ്ടിൽ മുറിവോടെ കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സയും തേടി. മർദനം ആരോപിച്ച് ഓമനക്കുട്ടനും ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പങ്കെടുക്കാത്ത കേരള ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ അംഗമാണു ലിജിമോൻ.

ഭൂരിപക്ഷം ബാങ്കുകളും അടപ്പിച്ചു സമരക്കാർ

തിരുവനന്തപുരം ∙ നിർബന്ധിച്ച് സമരത്തിൽ പങ്കെടുപ്പിക്കില്ലെന്ന നേതാക്കളുടെ വാക്ക് കാറ്റിൽ പറത്തി സംസ്ഥാനത്തെ ഭൂരിപക്ഷം ബാങ്ക് ശാഖകളും സമരക്കാർ അടപ്പിച്ചു. ബാങ്ക് ജീവനക്കാരുടെ പ്രമുഖ സംഘടനയായ നാഷനൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് സമരത്തിലുണ്ടായിരുന്നില്ല. സംസ്ഥാനത്തെ 1240 ശാഖകളും തുറക്കുമെന്ന് എസ്ബിഐയും അറിയിച്ചിരുന്നു.

പുറത്തുനിന്നെത്തിയവരാണു ശാഖകൾ അടപ്പിച്ചത്. സ്വകാര്യമേഖലാ ബാങ്കുകൾക്കു നേരെയും ഭീഷണി വന്നു. ചൊവ്വാഴ്ച തുറന്ന ശാഖകൾ പോലും തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ശാഖയ്ക്കു നേരെ ആക്രമണമുണ്ടായതോടെ അടച്ചു. ചില ഗ്രാമീണ ശാഖകൾ മാത്രം പ്രവർത്തിച്ചു. അടയ്ക്കണമെന്ന് ആവശ്യപ്പെടാത്ത എല്ലാ ശാഖകളും പ്രവർത്തിച്ചെന്ന് എസ്ബിഐ അറിയിച്ചു.

തുറന്ന കടകൾ അടപ്പിക്കാൻ ഇന്നലെയും ശ്രമം

കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് പലയിടത്തും ഇന്നലെയും പല കടകളും അടഞ്ഞുകിടന്നു. തുറന്നവ അടപ്പിക്കാനും ശ്രമമുണ്ടായി. അതേസമയം, മുൻ ഹർത്താൽ ദിനങ്ങളെ അപേക്ഷിച്ചു കൂടുതൽ കടകൾ തുറന്നു. വ്യാപാരമേഖലയ്ക്കുണ്ടായ നഷ്ടം ഇന്നു കൂടുന്ന യോഗത്തിൽ കണക്കാക്കുമെന്നു ഏകോപനസമിതി സംസ്ഥാന അധ്യക്ഷൻ ടി.നസിറുദ്ദീൻ പറഞ്ഞു.

കെഎസ്ആർടിസി: മുടങ്ങിയത് 5000 സർവീസ്

പണിമുടക്ക് മൂലം 2 ദിവസമായി മുടങ്ങിയത് അയ്യായിരത്തോളം കെഎസ്ആർടിസി സർവീസുകൾ. ദിവസം 7 കോടി രൂപ ശരാശരി വരുമാനം പ്രതീക്ഷിക്കുമ്പോഴാണ് ഈ ഇരുട്ടടി. രണ്ടു ദിവസവും ശബരിമല സർവീസുകൾ മാത്രമേ നടത്താനായുള്ളൂ. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA