തിരുവനന്തപുരം ∙ 48 മണിക്കൂർ പണിമുടക്ക് കാരണം വ്യാപാരികൾ അടക്കമുള്ളവർ നഷ്ടം സഹിക്കുമ്പോൾ സർക്കാർ ജീവനക്കാർക്കു പരമസുഖം. സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിക്കാറുള്ള ഡയസ്നോൺ ഇത്തവണയില്ലാത്തതിനാൽ ശമ്പള നഷ്ടമില്ല. ചിലർ 2 ദിവസവും ഹാജർ രേഖപ്പെടുത്തി ശമ്പളം കൈപ്പറ്റും. ബാക്കിയുള്ളവർ അവധിയെടുക്കും.
2 തരത്തിലാണു ജീവനക്കാരുടെ സമരങ്ങളെ സർക്കാർ കൈകാര്യം ചെയ്യാറുള്ളത്. ഡയസ്നോൺ പ്രഖ്യാപിച്ചാൽ ജോലിക്കെത്താത്തവരിൽ നിന്ന് ആ ദിവസങ്ങളിലെ ശമ്പളം പിടിക്കും. മാസങ്ങൾക്കു ശേഷം ആ ദിവസങ്ങൾ അവധിയായി പരിഗണിച്ച് ഉത്തരവിറക്കുന്നതാണു രണ്ടാമത്തെ രീതി. ശേഷിക്കുന്ന കാഷ്വൽ അവധിയിൽ ഇത് കുറവു ചെയ്യും. കഴിഞ്ഞ 2 ദിവസത്തെയും ഹാജർ സമരക്കാർ പലരും വരുംദിവസങ്ങളിൽ ഒപ്പിടാനിടയുണ്ട്. അങ്ങനെയെങ്കിൽ അവധി നഷ്ടപ്പെടില്ല, ശമ്പളവും ലഭിക്കും.
വനിതാ മതിലിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരിൽ നല്ലൊരു പങ്കും രാവിലെ ഒപ്പിട്ട ശേഷം ഓഫിസ് വിടുകയായിരുന്നു. ഇത്തരം ക്രമക്കേടുകൾ തടയാൻ പഞ്ചിങ് ആണു പരിഹാരമെങ്കിലും എല്ലാ സർക്കാർ ഓഫിസുകളിലും ഇത് ഉറപ്പുവരുത്താൻ ഇപ്പോഴുമായിട്ടില്ല. 4860 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ പണിമുടക്കിന്റെ ആദ്യനാൾ 111 പേരും ഇന്നലെ 115 പേരും മാത്രമാണെത്തിയത്. കലക്ടറേറ്റുകളിൽ 10 ശതമാനത്തിൽ താഴെയായിരുന്നു ഹാജർ.