തിരുവനന്തപുരം ∙ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി ട്രെയിൻ തടഞ്ഞ കേസിൽ പ്രതികൾ റെയിൽവേക്കു വൻ തുക നഷ്ടപരിഹാരവും നൽകേണ്ടിവരും. ട്രെയിൻ തടഞ്ഞിട്ട സമയത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടം കണക്കാക്കി പിഴ ഈടാക്കണമെന്നു കോടതിയിൽ റെയിൽവേ ആവശ്യപ്പെടും. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകൾ 85 മിനിറ്റു വരെ തടഞ്ഞിട്ടുണ്ട്. ശരാശരി 20 ലക്ഷം രൂപയെങ്കിലും പിഴ നൽകേണ്ടിവരുമെന്നാണു റെയിൽവേ അധികൃതർ നൽകുന്ന വിവരം.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിഐടിയു സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ വി.ശിവൻകുട്ടി എന്നിവർ ഉൾപ്പെടെ 1200 പേർക്കെതിരെയാണു കേസ്. തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിറ്റിന് 400 രൂപ മുതൽ 800 രൂപ വരെ പിഴ ഈടാക്കാനാണു റെയിൽവേ സാമ്പത്തിക വിഭാഗം ശുപാർശ നൽകിയിരിക്കുന്നത്.
ഓരോ ട്രെയിനും തടഞ്ഞിട്ട സമയവും അതിനനുസരിച്ചുള്ള പിഴയും ഒരാഴ്ചയ്ക്കുള്ളിൽ കണക്കാക്കും. പ്രതികളുടെ വിശദാംശങ്ങളും പിഴയും ഉൾപ്പെടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകും. പിഴയടച്ചില്ലങ്കിൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലാവും കുറ്റപത്രം. ശിക്ഷിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല.