അക്രമം: പാർട്ടി നോക്കാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി

cm-briefs-governor
SHARE

തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശത്തെ തുടർന്നു സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടവർക്കെതിരെ പാർട്ടി നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നു ഗവർണർ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ രാജ്ഭവനിലെത്തിയാണു ഗവർണറെ മുഖ്യമന്ത്രി കണ്ടത്.

യുവതീപ്രവേശത്തെ തുടർന്നുണ്ടായ ക്രമസമാധാന നിലയും ശബരിമല സമരത്തിന്റെ സ്വഭാവവും അക്രമം അടിച്ചമർത്താൻ സ്വീകരിച്ച നടപ‌ടികളും അദ്ദേഹം ഗവർണറോടു വിശദീകരിച്ചു. അക്രമത്തെ തുടർന്നു സംസ്ഥാനത്തു സ്വകാര്യ സ്വത്തുക്കൾക്കു​ണ്ടായ നാശനഷ്ടവും അക്രമത്തിന്റെ വിശദാംശങ്ങളും അടങ്ങിയ വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു ഗവർണർക്ക് എത്തിച്ചു. കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് ട്വിറ്ററിലൂടെ ഗവർണർ വെളിപ്പെടുത്തി.

സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചും സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടം സംബന്ധിച്ചും മുഖ്യമന്ത്രിയോടു ഗവർണർ കഴിഞ്ഞ മുന്നിന് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും ഗവർണർ സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച.

റജിസ്റ്റർ ചെയ്തത് 1137 കേസുകൾ

അക്രമ സംഭവങ്ങളിൽ റജിസ്റ്റർ ചെയ്തത് 1137 പൊലീസ് കേസുകൾ. 10024 പ്രതികളെ തിരിച്ചറിഞ്ഞതിൽ 9193 പേർ സംഘപരിവാർ സംഘടനകളിൽപ്പെടുന്നവർ. ബാക്കിയുള്ളവർ മറ്റു സംഘടനകളിലുള്ളവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA