വേനൽക്കാലത്തു ലോഡ്ഷെഡിങ് ഉണ്ടാകില്ല: കെഎസ്ഇബി ചെയർമാൻ

electricity-1
SHARE

തിരുവനന്തപുരം ∙ നിലവിലെ സാഹചര്യമനുസരിച്ചു വേനൽക്കാലത്തു ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നു കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ള. കേന്ദ്രം നൽകിയ ഉറപ്പ് അനുസരിച്ചു വൈദ്യുതി ലഭിച്ചാൽ 24 മണിക്കൂറും തടസ്സം കൂടാതെ വൈദ്യുതി നൽകാൻ കഴിയും. ചില പദ്ധതികളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടു ചിലയിടങ്ങളിൽ തടസ്സം നേരിട്ടേക്കാമെന്നു മാത്രം.

ജലവൈദ്യുതി നിലയങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കിയിൽ ഇപ്പോഴത്തെ നിലയത്തിനു പുറമേ മറ്റൊന്നു കൂടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. പുതിയ നിലയത്തിനു സാധ്യതയുണ്ടെന്നു തന്നെയാണു റിപ്പോർട്ടിലെ സൂചന. അടുത്ത മാസം സാങ്കേതികവിഷയങ്ങളുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു തുടർനടപടി സ്വീകരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

അതിരപ്പള്ളി ഉപേക്ഷിച്ചിട്ടില്ല

അതിരപ്പിള്ളി പദ്ധതി അടഞ്ഞ അധ്യായമല്ലെന്നു മന്ത്രി എം. എം.മണി. പദ്ധതി വേണമെന്നാണു സർക്കാരിന്റെ നിലപാട്. എന്നാൽ ഇടതുപക്ഷ മുന്നണിയിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. കോൺഗ്രസിലും ഒരു വിഭാഗം അനുകൂലമാണ്. ചില കോൺഗ്രസ് നേതാക്കൾ സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ അതാരൊക്കെയെന്നു വെളിപ്പെടുത്താൻ കഴിയില്ല.

ഗാർഹിക–വാണിജ്യ കണക്‌ഷനുകൾ ലഭ്യമാക്കാൻ ഇനി രണ്ടു രേഖ മതിയാകും. ഭൂമി അവകാശ രേഖയും തിരിച്ചറിയൽ കാർഡും. എച്ച്ടി/ഇഎച്ച്ടി (ഹൈ ടെൻഷൻ) കണക്‌ഷനുകൾ വേഗത്തിൽ ലഭ്യമാക്കാനുള്ള ഗ്രീൻ ചാനൽ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കെഎസ്ഇബി സൈറ്റിലെ ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫീൽഡ് വെരിഫിക്കേഷനും തുടർ പ്രവർത്തനങ്ങളുടെ പുരോഗതിയും അപേക്ഷകനു തൽസമയം എസ്എംഎസ് ആയി ലഭിക്കും. ബോർഡ് തലത്തിലുള്ള ഉദ്യോഗസ്ഥർക്കു തൽസമയം ഓൺലൈൻ അപേക്ഷകൾ ലഭിക്കുകയും പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA