തിരുവനന്തപുരം∙ പ്രളയം തകർത്ത ഏഴു താലൂക്കുകൾ മാത്രം ഇക്കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിച്ചപ്പോൾ 9000 പരാതികൾ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യഗഡു സഹായമായ 10,000 രൂപ പോലും ലഭിക്കാത്തതു സംബന്ധിച്ചാണ് ഇതിലെ നാലായിരത്തോളം പരാതികളും. പ്രളയം കഴിഞ്ഞ് അഞ്ചു മാസമായിട്ടും പുതിയ കേരളത്തിനായി ഒരു കല്ലു പോലുമിടാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ലഭിച്ച പരാതികൾ കലക്ടർമാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്– രമേശ് പറഞ്ഞു.
ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത കണക്കുകളാണു മുഖ്യമന്ത്രി നിരത്തുന്നത്. റവന്യു വകുപ്പ് പൂർണ നിദ്രയിലാണ്. പ്രളയത്തിനിരയായവർക്കു താൽക്കാലികാശ്വാസം പോലും നൽകാത്ത സർക്കാരിന്റെ പരാജയം വ്യക്തം. വീട് വൃത്തിയാക്കാനുള്ള പണം രണ്ടു മാസം കഴിഞ്ഞു കിട്ടിയിട്ട് എന്തു കാര്യം. പൂർണമായി തകർന്ന വീടുകളെപ്പറ്റി 74% തകർന്നതായി രേഖപ്പെടുത്തിയതു സർക്കാർ മനോഭാവത്തിനു തെളിവാണ്. 75% തകർന്നതായി രേഖപ്പെടുത്തിയാൽ പുതിയ വീട് നിർമിച്ചു കൊടുക്കേണ്ടി വരുമല്ലൊ.
കടകൾ നഷ്ടമായ ചെറുകിട കച്ചവടക്കാർക്കു പലിശരഹിത വായ്പ കൊടുക്കുമെന്നു പറഞ്ഞും കബളിപ്പിച്ചു. ഒറ്റപ്പൈസ നൽകിയിട്ടില്ല. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്കു പലിശരഹിത വായ്പയായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തശേഷം 9% പലിശയ്ക്കാണു നൽകുന്നത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം വീടുകളിൽ വെള്ളം കെട്ടിനിന്നാലേ ആദ്യ ഗഡുവായ 10,000 രൂപ ലഭിക്കൂ. എന്നാൽ ചെരിഞ്ഞ ഭൂപ്രകൃതിയുള്ള ഇടുക്കിയിൽ വെള്ളം എങ്ങനെ കെട്ടിനിൽക്കും. ചെങ്ങന്നൂർ, കാർത്തികപ്പള്ളി, ആലുവ, പറവൂർ, റാന്നി, ആറന്മുള, ഇടുക്കി താലൂക്കുകളാണു സന്ദർശിച്ചത്. കുട്ടനാട്, ചാലക്കുടി, വയനാട് കൂടി പോകുമെന്നും ചെന്നിത്തല അറിയിച്ചു.
‘‘ജനപക്ഷത്തെപ്പറ്റി വാർത്ത വായിച്ചു; മറ്റൊന്നുമറിയില്ല’’
പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി യുഡിഎഫുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമെന്ന വാർത്ത മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്ന് രമേശ് ചെന്നിത്തല. ‘‘നിങ്ങളെപ്പോലെ ഞാനും ആ വാർത്ത വായിച്ചു. കൂടുതൽ ഒന്നുമറിയില്ല. ഒരു ചർച്ചയും നടന്നിട്ടില്ല’’. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാണു നിയോഗിച്ചത്. അദ്ദേഹത്തിന് അറിയാവുന്ന ഒരു മേഖലയിൽ കോൺഗ്രസിനെ സഹായിക്കുന്നു. അത് ഒരു സ്ഥാനമൊന്നുമല്ല. ഇപ്പോൾ അതിനു മാത്രമാണു തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് പുനഃസംഘടന വേണമെന്നോ വേണ്ടെന്നോ പറയാൻ ആളല്ല. അക്കാര്യം അന്തിമമായി ഹൈക്കമാൻഡ് തീരുമാനിക്കും – ചെന്നിത്തല പറഞ്ഞു.