111.2 അടി ഉയരത്തിന്റെ ലോക റെക്കോർഡിലേക്ക് നെയ്യാറ്റിൻകര ചെങ്കൽ ക്ഷേത്ര ശിവലിംഗം

നെയ്യാറ്റിൻകര∙ ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തിൽ 111.2 അടിയിൽ ഉയർന്ന ശിവലിംഗം ലോക റെക്കോർഡിലേക്ക്. ക്ഷേത്രത്തിലെത്തിയ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ് അധികൃതർ വലുപ്പം പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകി. ലിംക ബുക് ഓഫ് വേൾഡ് റെക്കോർഡ്സ്, ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്കോർഡ്സ് അധികൃതർ ഉടൻ പരിശോധനയ്ക്കെത്തും. അവർ കൂടി സ്ഥിരീകരിച്ചാൽ ഉയരത്തിലും വിസ്തൃതിയിലും ലോകത്തിലെ ‘സമുന്നത’ ശിവലിംഗമെന്ന ഖ്യാതിയാണു കൈവരുന്നത്. 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഈ ബഹുമതി.

റെക്കോർഡ് ഉയരം കൊണ്ടു മാത്രമായിരിക്കില്ല ഈ ശിവലിംഗം ലോകശ്രദ്ധ നേടുക. അത്ഭുത കരവേലകൾ ഒളിപ്പിച്ചിരിക്കുന്ന ഈ നിർമിതി രൂപകൽപനയിലും വിസ്മയവും അഭിമാനവുമാകും. രാജ്യത്തെ ശിവക്ഷേത്രങ്ങളിലെല്ലാം തീർഥാടനം നടത്തിയ ശേഷമാണു ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി 2012 ൽ ശിവലിംഗ നിർമാണത്തിനു പദ്ധതി തയാറാക്കിയത്. ഭീമാകാരമായ ശിവലിംഗത്തിനുള്ളിലൂടെ ഏഴു നിലകൾ കടന്നു ചെന്നാൽ കൈലാസമായി. അവിടെ ഹിമവൽഭൂവിൽ ശിവപാർവതിമാരെ കാണാം. ഒരേ പീഠത്തിലിരിക്കുന്ന ശിവശക്തി സ്വരൂപമാണ്. ശിവന്റെ 64 ഭാവങ്ങളും അവിടെ ദർശിക്കാം.

ശിവലിംഗത്തിനുള്ളിൽ ഓരോ തട്ടിലും 50 പേർക്കു വീതം  ഇരുന്നു ധ്യാനിക്കാനുള്ള ക്രമീകരണമുണ്ട്. ‘കൈലാസ’ത്തിലേക്കു ചുറ്റിക്കടക്കുന്ന ഗുഹാമാർഗത്തിലെ ഓരോ തട്ടിലും വനഭംഗി ആലേഖനം ചെയ്തിരിക്കുന്നു. കൊത്തുപണികൾ അന്തിമഘട്ടത്തിലാണ്. ശിവരാത്രി നാളിൽ ഭക്തർക്കായി തുറന്നു കൊടുക്കാൻ പണികൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. നാടും വീടും ഉപേക്ഷിച്ച് ഏഴു വർഷമായി വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്.