രാജകുമാരി(ഇടുക്ക) ∙ ചിന്നക്കനാൽ നടുപ്പാറയിലെ ഏലത്തോട്ടത്തിൽ ഉടമയെ വെടിയേറ്റു മരിച്ച നിലയിലും തൊഴിലാളിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിലും കണ്ടെത്തി. കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ് (രാജേഷ്–40), ചിന്നക്കനാൽ സ്വദേശി മുത്തയ്യ(55) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. ജേക്കബ് വർഗീസിന്റെ നെഞ്ചിലാണ് വെടിയേറ്റിട്ടുള്ളത്. മുത്തയ്യയുടെ തലയിൽ ആയുധം കൊണ്ട് അടിച്ചതിന്റെ അടയാളമുണ്ട്.
മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ജേക്കബിന്റെ തന്നെ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നു സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. 4 ദിവസം മുൻപു ജോലിയിൽ പ്രവേശിച്ച കുരുവിളാ സിറ്റി സ്വദേശിയായ എസ്റ്റേറ്റ് സൂപ്പർവൈസർക്കായി പൊലീസ് അന്വേഷണം തുടങ്ങി. ജേക്കബിന്റെ ജീപ്പുമായി സൂപ്പർവൈസർ പോകുന്നതു കണ്ടതായി പ്രദേശവാസികൾ സൂചന നൽകി. അന്വേഷണത്തിൽ മുരിക്കുംതൊട്ടിക്കു സമീപം ഉപേക്ഷിച്ച നിലയിൽ വാഹനം കണ്ടെത്തി. ഇയാൾക്കെതിരെ പാലായിലും എറണാകുളത്തും മോഷണക്കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
40 ഏക്കറോളം വരുന്ന എസ്റ്റേറ്റിന്റെ മധ്യ ഭാഗത്തെ വീട്ടിൽ ജേക്കബ് വർഗീസ് ഒറ്റയ്ക്കായിരുന്നു താമസം. ഏലം വിളവെടുക്കുന്ന സമയത്ത് ഡ്രയറിലെ ജോലികൾ ചെയ്യാൻ മുത്തയ്യയും എത്തും. നടുപ്പാറ റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ട് ഉടമകൂടിയായ ജേക്കബ് വർഗീസ് ക്രിസ്മസ് അവധിക്കു നാട്ടിൽ വന്നശേഷം പുതുവർഷ ദിനത്തിൽ തിരിച്ചുപോയതാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അവസാനമായി വീട്ടുകാരെ വിളിച്ചത്. കാണാതായെന്നു ശനിയാഴ്ച രാവിലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
മുത്തയ്യയെ ശനിയാഴ്ച മുതൽ ഫോണിൽ വിളിച്ചെങ്കിലും ലഭിക്കാത്തതിനാൽ ഇന്നലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഏലത്തോട്ടത്തിൽ ജേക്കബിന്റെ മൃതദേഹം കണ്ടത്. സ്റ്റോറിനകത്ത് ചാക്കു കൊണ്ട് മൂടിയ നിലയിലായിരുന്നു മുത്തയ്യയുടെ മൃതദേഹം. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡിവൈഎസ്പി, സുനീഷ് ബാബു, ശാന്തമ്പാറ സിഐ, എസ്.ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
വിദേശത്തായിരുന്ന ജേക്കബ് 4 വർഷം മുൻപാണ് മടങ്ങിയെത്തിയത്. ഡോ.കെ.കെ.വർഗീസിന്റെയും ഡോ.സുശീല വർഗീസിന്റെയും മകനാണ് . ഭാര്യ: കെസിയ. മകൾ: നദാനിയ. സംസ്കാരം പിന്നീട്. മുത്തയ്യയുടെ ഭാര്യ മുത്തുമാരി. മക്കൾ. പവിത്ര, പവൻകുമാർ.