തിരുവനന്തപുരം ∙ ഡിജിപി: ലോക്നാഥ് ബെഹ്റയും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും സിബിഐ ഡയറക്ടർ നിയമനത്തിനുള്ള പട്ടികയിൽ. 1983,84,85 ബാച്ചുകളിലുള്ളവരെ ഉൾപ്പെടുത്തി തയാറാക്കിയ 20 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഇരുവരും. സിബിഐയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനോടു തികഞ്ഞ കൂറുള്ളവരെ മാത്രമേ ഡയറക്ടർ സ്ഥാനത്തു നിയമിക്കുകയുള്ളൂ.
എസ്പി, ഡിഐജി റാങ്കുകളിൽ ബെഹ്റ 10 വർഷം സിബിഐയിൽ ജോലി ചെയ്തിരുന്നു. ഋഷിരാജ് സിങ് അഞ്ചുവർഷമാണു സിബിഐയിൽ പ്രവർത്തിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ വിവിധ ഏജൻസികളിൽ ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിനു കേന്ദ്രസർക്കാർ നേരത്തേ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽനിന്നു ഋഷിരാജ് സിങ് മാത്രമേയുള്ളൂ. കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും മറികടന്നാണു സിങ് ഇടം നേടിയത്.
സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവയിൽ ഡയറക്ടർ ജനറലിനെ നിയമിക്കുന്നത് ഈ പട്ടികയിൽനിന്നാണ്. സിങ്ങിനെ തിരഞ്ഞെടുക്കുന്ന സമയത്തു ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമനത്തിന് അർഹതയുള്ളവരുടെ രണ്ടാം പട്ടികയിലായിരുന്നു ബെഹ്റ.