തിരുവനന്തപുരം ∙ നരേന്ദ്രമോദി ഭരണത്തിൽ ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെട്ടത് യുവാക്കളാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. ഇന്ദിരാ ഭവനിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വർഷം 2 കോടി ചെറുപ്പുക്കാർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം വെറുംവാക്കായി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വഞ്ചിക്കപ്പെട്ട ചെറുപ്പക്കാരെ സംഘടിപ്പിച്ച് ആർഎസ്എസിനെയും ബിജെപിയെയും തൂത്തെറിയാൻ യൂത്ത് കോൺഗ്രസിന് കഴിയണം. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തകർത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അധ്യക്ഷനായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബെഹനാൻ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, യൂത്ത് കോൺഗ്രസ് മീഡിയ കോ-ഓർഡിനേറ്റർ ശ്രീവൽസം, വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്, കോൺഗ്രസ് നേതാക്കളായ എ.പി. അനിൽ കുമാർ, മൺവിള രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജെബി മേത്തർ, അനീഷ് വരിക്കണ്ണാമല, വിനോദ് യേശുദാസ്, ജി. ലീന, ആദം മുൽസി, ടിജിൻ, എസ്.എം. ബാലു തുടങ്ങിയവർ പ്രസംഗിച്ചു.