അടൂർ ∙ ഹർത്താലിനെ തുടർന്ന് അടൂരിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 5 ഡിവൈഎഫ്ഐ നേതാക്കൾ കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് പ്രസിഡന്റ് കണ്ണങ്കോട് ചരുവിള പടിഞ്ഞാറ്റതിൽ മുഹമ്മദ് അനസ് (35), സെക്രട്ടറി മണ്ണടി കണിയാംകോണത്ത് തെക്കേതിൽ ശ്രീനി മണ്ണടി (37), ജോയിന്റ് സെക്രട്ടറി പെരിങ്ങനാട്, തെന്നാപ്പറമ്പിൽ വടക്കേതിൽ സതീഷ് ബാലൻ (20), ജില്ലാ വൈസ് പ്രസിഡന്റ് പെരിങ്ങനാട് തെക്കുംമുറി വികാസ് വില്ലയിൽ വികാസ് ടി. നായർ (34), ഡിവൈഎഫ്ഐ പ്രവർത്തകൻ തുവയൂർ തെക്ക് ഷൈനി ഭവനിൽ ഷിജു (31) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
അടൂരിൽ സംഘർഷമുണ്ടാക്കിയതിനും ബിജെപി പ്രവർത്തകരുടെ വീട് ആക്രമിച്ചതിനുമാണ് അറസ്റ്റ്. സിഐ ജി. സന്തോഷ്കുമാർ, എസ്ഐ ബി. രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അടൂരിലെ അക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത 26 കേസിൽ നൂറോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 43 പേരെ റിമാൻഡ് ചെയ്തു.