തിരുവനന്തപുരം∙ ഗാർഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്കുവർധിപ്പിച്ചുകൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ ആഴ്ച ഉത്തരവു പുറപ്പെടുവിച്ചേക്കും.
ഡിസംബർ 31നകം ഉത്തരവ് ഇറക്കാൻ കമ്മിഷൻ ശ്രമിച്ചിരുന്നു. എന്നാൽ കെഎസ്ഇബി നൽകിയ മെമ്മോറാണ്ടത്തിൽ ചില പിശകുകൾ കമ്മിഷൻ കണ്ടെത്തി. അതിനുള്ള വിശദീകരണംകൂടി പഠിക്കേണ്ടിവന്നതിനാൽ കൂടുതൽ സമയം വേണ്ടിവരികയായിരുന്നു. നാലു വർഷത്തെ നിരക്കുകൾ ഒന്നിച്ചു നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവായിരിക്കും ഇറക്കുക. ബോർഡ് ആവശ്യപ്പെട്ടതിൽ നിന്നു കുറഞ്ഞ നിരക്കിനാണു സാധ്യത.
ഈ വർഷം 1100 കോടി രൂപയും 2020–21 വർഷം 750 കോടി രൂപയും അധികം ലഭിക്കുന്ന വിധത്തിലുള്ള നിരക്കു വർധനയാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. മാസം 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുടെ നിരക്ക് ഈ സാമ്പത്തിക വർഷം 2.90 രൂപയിൽ നിന്നു 3.50 രൂപയായും 100 യൂണിറ്റു വരെയുള്ളവരുടെ നിരക്ക് 3.40ൽ നിന്ന് 4.20 രൂപയായും വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 40 യൂണിറ്റിൽ താഴെയുള്ളവരുടെ നിരക്കു വർധിപ്പിക്കാൻ നിർദേശമില്ല.
ഈ വർഷം സിംഗിൾ ഫേസിന് ആദ്യ 50 യൂണിറ്റിന് ഫിക്സഡ് നിരക്ക് 30 രൂപയിൽനിന്നു 35 രൂപയും അതിനു മുകളിലുള്ളവർക്കു മുപ്പതിൽ നിന്നു 40 രൂപയും ആയി ഉയർത്തണമെന്നാണു ബോർഡിന്റെ ആവശ്യം.