മലപ്പുറം ∙ ഈ വർഷത്തെ ഹജ് തീർഥാടനത്തിനു കേരളത്തിൽ നിന്ന് 8,262 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 3,210 പേർക്കു നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു. മൊത്തം 11,472 പേർക്കാണ് കേരളത്തിൽനിന്ന് ഹജ് കമ്മിറ്റി മുഖേന അവസരം. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കവർ നമ്പരുകൾ ഹജ് കമ്മിറ്റി വെബ്‌സൈറ്റിലും മനോരമ ഓൺലൈനിലും ലഭ്യമാണ്: www.hajcommittee.gov.in, www.keralahajcommittee.org, www.manoramaonline.com. ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താലും പട്ടിക ലഭിക്കും.
ഹജ്: പണം അടയ്ക്കാൻ ഓരോ കവർ നമ്പരിനും പ്രത്യേക റഫറൻസ് നമ്പർ
മലപ്പുറം ∙ ഈ വർഷത്തെ ഹജ് തീർഥാടനത്തിനുള്ള നറുക്കെടുപ്പ് പൂർത്തിയായതോടെ 31,643 അപേക്ഷകർ കാത്തിരിപ്പു പട്ടികയിൽ. ഇവരുടെ കവർ നമ്പരും വെയ്റ്റ്‌ലിസ്റ്റ് നമ്പരും ഹജ് കമ്മിറ്റി വെബ്സൈറ്റിൽ (www.hajcommittee.gov.in, www.keralahajcommittee.org) ലഭ്യമാണ്. ഹജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് 39 കുട്ടികൾ ഉൾപ്പെടെ മൊത്തം 43,115 പേരാണ് അപേക്ഷിച്ചത്. 3,210 പേർക്കു നേരിട്ട് അവസരം ലഭിച്ചു. 8,262 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ബാക്കിയുള്ളവരാണ് കാത്തിരിപ്പു പട്ടികയിൽ. കേന്ദ്രത്തിൽ നിന്നു കൂടുതൽ സീറ്റ് ലഭിക്കുകയോ, നിലവിൽ തിരഞ്ഞെടുക്കപ്പെട്ടവർ യാത്ര റദ്ദാക്കുകയോ ചെയ്താൽ ഇവർക്കു ക്രമനമ്പർ പ്രകാരം അവസരം ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ടവരുടെ പണം അടയ്ക്കൽ, പാസ്പോർട്ട് സമർപ്പണം, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ഈ മാസം 16ന് അറിയിക്കുമെന്ന് ഹജ് കമ്മിറ്റി അധികൃതർ വ്യക്തമാക്കി. ഓരോ കവർ നമ്പരിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പരുണ്ട്. ഇതുപയോഗിച്ചു മാത്രമേ പണം അടയ്ക്കാവൂ. ബാങ്ക് റഫറൻസ് നമ്പരും കവർ നമ്പരും രേഖപ്പെടുത്തിയ പേ ഇൻ സ്ലിപ് ഹജ് കമ്മിറ്റി വെബ്‌സൈറ്റിൽ നിന്ന് ഈ മാസം 17 മുതൽ ഡൗൺലോഡ് ചെയ്യാം.
അപേക്ഷകരെ സഹായിക്കാനും മാർഗനിർദേശങ്ങൾ നൽകാനും ജില്ലാ തലത്തിലും മേഖലാ തലങ്ങളിലും ഹജ് ട്രെയിനർമാരുണ്ട്. ഇവരുടെ പേരും മൊബൈൽ ഫോൺ നമ്പരും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹജ് നറുക്കെടുപ്പ് കരിപ്പൂർ ഹജ് ഹൗസിൽ മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. 70 വയസിനു മുകളിലുള്ളവർ (1199 പേർ), 45 വയസിനു മുകളിലുള്ള സ്ത്രീകൾ മാത്രമുള്ള സംഘം (2011 പേർ) എന്നിവർക്കാണ് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിച്ചത്.