വിശ്വാസി സാഗരം സാക്ഷിയായി; ജാമിഅഃ സമ്മേളനം സമാപിച്ചു

jamiya
SHARE

പെരിന്തൽമണ്ണ (മലപ്പുറം) ∙ പതിനായിരങ്ങൾ പങ്കെടുത്ത സനദ്‌ദാന സമ്മേളനത്തോടെ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ വാർഷികസമ്മേളനത്തിന് സമാപനം. ഇന്റർനാഷനൽ യൂണിയൻ ഓഫ് യൂണിവേഴ്സിറ്റീസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഖൈർ ഗബ്ബാനി അൽഹുസൈനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മതവിദ്യാഭ്യാസത്തിന്റെ അഭാവമാണ് മതത്തിന്റെ പേരിലുള്ള തീവ്രവവാദത്തിനു കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദം മതശാസനകളുടെ ലംഘനമാണ്. മറ്റു മതങ്ങളോടും വൈവിധ്യപൂർണമായ സംസ്കാരങ്ങളോടും എങ്ങനെ വർത്തിക്കണമെന്ന് ഇസ്‌‍ലാം പഠിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയിൽ ആ പാഠങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുർക്കി ആസ്ഥാനമായ ഇന്റർനാഷനൽ യൂണിയൻ ഓഫ് യൂണിവേഴ്സിറ്റിയിൽ ജാമിഅഃ നൂരിയ്യയ്ക്ക് അംഗത്വം നൽകിക്കൊണ്ടുള്ള സാക്ഷ്യപത്രം അദ്ദേഹം കൈമാറി. ‍ജാമിഅഃ നൂരിയ്യ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആധ്യക്ഷ്യം വഹിച്ചു. 239 യുവപണ്ഡിതർക്ക് അദ്ദേഹം ഫൈസി ബിരുദം സമ്മാനിച്ചു.

jamiya.
മലപ്പുറം പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ വാർഷിക, സനദ്‌ദാന സമാപന സമ്മേളന വേദിയിലേക്ക് ബ്രൂണയ് ഹൈക്കമ്മിഷണർ ദാതോ സിദ്ദീഖ് അലി എത്തുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എംപി, മാണിയൂർ അഹമ്മദ് മുസല്യാർ, കർണാടക മന്ത്രി സമീർ അഹ്മദ് ഖാൻ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കെ.ആലിക്കുട്ടി മുസല്യാർ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കർണാടക മന്ത്രി സമീർ അഹ്മദ് ഖാൻ, ബ്രൂണയ് ഹൈക്കമ്മിഷണർ ദാതോ സിദ്ദീഖ് അലി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെ.ആലിക്കുട്ടി മുസല്യാർ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.ടി.അബ്ദുല്ല മുസല്യാർ, എം.പി.അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, വി.മോയിമോൻ ഹാജി മുക്കം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംഎൽഎമാർ, രാജ്യാന്തര മതപണ്ഡിതർ എന്നിവർ പ്രസംഗിച്ചു. 

239 യുവ പണ്ഡിതർ ഇനി സമൂഹമധ്യത്തിലേക്ക്

രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ഇസ്‌ലാമിക പണ്ഡിതരെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃനിരയെയും സാക്ഷിനിർത്തി പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയിൽ സനദ്‌ദാനം. ജാമിഅയിലെ പൂർവവിദ്യാർഥി കൂടിയായ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാർഥനയോടെ തുടങ്ങിയ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ കരങ്ങളിൽനിന്നാണ് 239 യുവപണ്ഡിതർ ബിരുദം ഏറ്റുവാങ്ങിയത്. പേരിനൊപ്പം ചേർക്കുന്ന ‘ഫൈസി’ എന്ന മൗലവി ഫാസിൽ ഫൈസി ബിരുദം അവർക്കിനി മതപരവും സാമൂഹികവുമായി കടമകൾ നിറവേറ്റാനുള്ള ഉത്തരവാദിത്തമാണ്. 

ഷെയ്ഖ് യഅഖൂബ് മുഹമ്മദ് അൽറാബി, ഷെയ്ഖ് അബ്ദുല്ല മുഹമ്മദ് അൽറാബി, ഡോ. സ്വലാഹുദ്ദീൻ ഇബ്നു ഷെയ്ഖ് അൽബദവി തുടങ്ങിയ പണ്ഡിതർ അക്കാര്യം ഫൈസിമാരെ ഓർമിപ്പിച്ചു. 54 വർഷം പിന്നിട്ട ജാമിഅയിൽനിന്ന് ഇതുവരെ പുറത്തിറങ്ങിയത് 6,975 ഫൈസിമാരാണ്. സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി വിവിധ മഹല്ലുകളിലും സ്‌ഥാപനങ്ങളിലും സംഘടനാതലത്തിലും അവർ ചുമതലകൾ നിർവഹിക്കുന്നു. 

സമാപനസമ്മേളനത്തിനു മുന്നോടിയായി ശരീഅത്ത് സമ്മേളനം വാക്കോട് മൊയ്തീൻകുട്ടി മുസല്യാർ ഉദ്‌ഘാടനം ചെയ്തു. കെ.എ.റഹ്‌മാൻ ഫൈസി ആധ്യക്ഷ്യം വഹിച്ചു. ഹാരിസ് ബീരാൻ, ആദൃശ്ശേരി ഹംസക്കുട്ടി മുസല്യാർ, യു.എം.അബ്‌ദുറഹിമാൻ മുസല്യാർ, കാളാവ് സെയ്‌തലവി മുസല്യാർ, മുജീബ് ഫൈസി പൂലോട് എന്നിവർ പ്രസംഗിച്ചു. നാഷനൽ മിഷൻ കോൺഫറൻസ് കെ.ടി.ഹംസ മുസല്യാരും കന്നഡ സംഗമം കെ.ആലിക്കുട്ടി മുസല്യാരും ‘ടീൻസ് മീറ്റ്’ പി.സി.ജാഫറും ഉദ്‌ഘാടനം ചെയ്തു. അഞ്ചുദിവസത്തെ സമ്മേളനപരിപാടികൾക്കാണ് ഇന്നലെ സമാപനമായത്.

ശരീഅത്ത് ഭേദഗതിയെ ചെറുക്കുമെന്ന് സമസ്ത

ശരീഅത്ത് ഭേദഗതികൾക്കുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ സമ്മേളനത്തിലെ ശരീഅത്ത്, സനനദ്‌ദാന സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീൻകുട്ടി മുസല്യാരുമാണ് ഇക്കാര്യം ആവർത്തിച്ചത്.

ശരീഅത്ത് ഭേദഗതി ചെയ്യാൻ സമസ്തയുള്ള കാലംവരെ അനുവദിക്കില്ല. സ്ത്രീകളെ പുറത്തിറക്കിയല്ല നവോത്ഥാനം നടപ്പാക്കേണ്ടത്. വനിതകളായ പണ്ഡിതർ ഇസ്‌ലാമിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് എല്ലാ മാന്യതയും മതം നൽകുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇസ്‌ലാമിക ശരീഅത്ത് മുസ്‌ലിംകളുടെ അവകാശമാണെന്നും ശരീഅത്ത് വിഷയങ്ങളിൽ വിധി പറയുമ്പോൾ നീതിപീഠങ്ങൾ മതഗ്രന്ഥങ്ങളെ അടിസ്ഥാനമായെടുക്കണമെന്നും മൊയ്‌തീൻ കുട്ടി മുസല്യാർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA