റേഷൻ കട വിലയിരുത്താൻ ജനകീയ ജാഗ്രതാസമിതി

LP-RATION-SHOP-4-col-B&W
SHARE

തിരുവനന്തപുരം ∙ റേഷൻ കടകളുടെ പ്രവർത്തനം വിലയിരുത്താനും ക്രമക്കേട് ഒഴിവാക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ വിജിലൻസ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 14,435 റേഷൻ കടകൾ കേന്ദ്രീകരിച്ചു കമ്മിറ്റി നിലവിൽ വരും. അതതു തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ നേതൃത്വത്തിലാണു കമ്മിറ്റി രൂപീകരിക്കേണ്ടത്. റേഷനിങ് ഇൻസ്പെക്ടർമാർ പ്രവർത്തനം ഏകോപിപ്പിക്കും. 

വാർഡ് അംഗത്തെ കൂടാതെ നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടിയുടെ അംഗം, പട്ടികജാതി പട്ടികവിഭാഗക്കാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, ഉപഭോക്തൃമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരുടെ പ്രതിനിധികളും കമ്മിറ്റിയിൽ ഉണ്ടാകും. വില്ലേജ് ഓഫിസറെയും ഹെൽത്ത് ഇൻസ്പെക്ടറെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കു നിർഭയം പരാതി പറയാൻ തടസ്സമാകുമെന്നതിനാൽ റേഷൻകട ഉടമയെ സമിതിയിൽ ഉൾപ്പെടുത്തില്ല. 

ഉപഭോക്താക്കൾ നൽകുന്ന പരാതികളാണു സമിതി പരിശോധിക്കുന്നത്. കട ഉടമയോടു വിശദീകരണം ചോദിക്കാനും തെളിവെടുപ്പു നടത്താനും കമ്മിറ്റിക്ക് അധികാരമുണ്ട്. 

കേന്ദ്രനിയമപ്രകാരം രൂപീകരിക്കുന്ന കമ്മിറ്റി 3 മാസത്തിലൊരിക്കൽ യോഗം ചേരണം. 3 വർഷമാണു കമ്മിറ്റിയുടെ കാലാവധി. 

കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാർശകളും എഡിഎം അധ്യക്ഷനായ ജില്ല ഗ്രീവൻസ് സെല്ലിനു സമർപ്പിക്കും. ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിൽ കുറവുവന്നാൽ റേഷൻകട ഉടമയിൽനിന്നു നഷ്ടപരിഹാരം ഈടാക്കി ഉപഭോക്താവിനു നൽകാൻ സെല്ലിന് ഉത്തരവിടാം. ക്രമക്കേട് നടത്തുന്ന കട സസ്പെൻഡ് ചെയ്യുക, ഭക്ഷ്യസാധനങ്ങൾ കടകളിൽ കൃത്യസമയത്ത് എത്തിക്കാത്ത ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുക എന്നിവയും സെല്ലിന്റെ അധികാരങ്ങളിൽ ഉൾപ്പെടും. 

സമിതിയിൽ റേഷൻ കടക്കാർക്കും റേഷനിങ് ഇൻസ്പെക്ടർക്കും താൽപര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള സാധ്യത ഭക്ഷ്യവകുപ്പ് തള്ളിക്കളയുന്നില്ല. അതിനാൽ സമിതി രൂപീകരണത്തിനു മുൻപ് പ്രചാരണം നടത്തണമെന്നു നിർദേശിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA