മലപ്പുറം ∙ പാർലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ. ഇക്കാര്യത്തിൽ സമാനനിലപാടുള്ളവരുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കോടതിയെ സമീപിക്കാനാണ് ശ്രമം. സാമ്പത്തികസംവരണമെന്ന ആശയംതന്നെ ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമാണെന്നാണ് വിദഗ്ധാഭിപ്രായം.
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണമേർപ്പെടുത്തുന്നതുകൊണ്ട് നിലവിലെ സംവരണ വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന വാദം തെറ്റാണ്. സംവരണ വിഭാഗക്കാർക്ക് പൊതുയോഗ്യത അടിസ്ഥാനമാക്കി ലഭിക്കുന്ന വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ ഇല്ലാതാകും. 10% സാമ്പത്തിക സംവരണത്തിൽ പിന്നാക്കക്കാർ വരുന്നേയില്ലെന്ന് ബില്ലിൽ വ്യക്തമാണ്. ഉത്തരേന്ത്യയിൽ മുസ്‌ലിംകളുൾപ്പെടെയുള്ള സംവരണ വിഭാഗങ്ങൾക്കിടയിൽ ബില്ലിനെതിരെ ജനവികാരമുണ്ടെന്നും ബഷീർ പറഞ്ഞു.