മൂന്നാർ ∙ വർഗീയതയുടെ ശത്രു മതനിരപേക്ഷതയാണെന്നും, വർഗീയവാദികൾ ഇടതുപക്ഷത്തിന്റെ വളർച്ചയെ ഭയക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഹാരാജാസ് കോളജ് വളപ്പിൽ കുത്തേറ്റു മരിച്ച വിദ്യാർഥി എം. അഭിമന്യുവിന്റെ കുടുംബാംഗങ്ങൾക്കായി സിപിഎം വട്ടവടയിൽ നിർമിച്ച നിർമിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ അഭിമന്യുവിന്റെ ജന്മനാടാണ് വട്ടവട. വീടിന്റെ താക്കോൽ അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മനോഹരന്റെയും ഭൂപതിയുടെയും പേരിലുള്ള 23,75,307 രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകളും മുഖ്യമന്ത്രി കൈമാറി. വട്ടവട പഞ്ചായത്ത് സജ്ജമാക്കിയ അഭിമന്യു മഹാരാജാസ് സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനു പാർട്ടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ട് കാൽക്കൽ വീണ അഭിമന്യുവിന്റെ അമ്മ ഭൂപതിയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. എസ്. രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി എം.എം. മണി, ജോയ്സ് ജോർജ് എംപി, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. മേരി, ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അഭിമന്യുവിനൊപ്പം കുത്തേറ്റ വിദ്യാർഥി കൊട്ടാരക്കര സ്വദേശി അർജുനും ചടങ്ങിനെത്തി.
അഭിമന്യുവിന്റെ പുതിയ വീട്
1256 ചതുരശ്ര അടിയിൽ ഒരു നില വീട്. മൂന്നു കിടപ്പുമുറി ഉൾപ്പെടെ അഞ്ചു മുറികളുണ്ട്. വീട്ടുസാധനങ്ങളും പാർട്ടി വാങ്ങി നൽകി. മനോഹരനും ഭൂപതിയും അഭിമന്യുവിന്റെ സഹോദരൻ പരിജിതുമാണ് പുതിയ വീട്ടിൽ താമസിക്കുക. വട്ടവട കോളനിയിലെ ഒറ്റ മുറി വീട്ടിലായിരുന്നു ഇവർ ഇതുവരെ. പുതിയ വീട് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. സിപിഎം ഫണ്ട് ശേഖരിച്ചത് മൂന്നു കോടി രൂപ
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജ് വളപ്പിൽ അഭിമന്യു കുത്തേറ്റു മരിച്ചത്. പാർട്ടി സ്വരൂപിച്ച അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് 3.1 കോടി രൂപ ലഭിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒക്ടോബറിൽ അറിയിച്ചിരുന്നു. 72,12,548 രൂപ ഇടുക്കി ജില്ലാ കമ്മിറ്റിയും ബാക്കി തുക എറണാകുളം ജില്ലാ കമ്മിറ്റിയുമാണു സ്വരൂപിച്ചത്. കൂടാതെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തുകയ്ക്ക് 53609 രൂപ ബാങ്ക് പലിശയും ലഭിച്ചു. ഇടുക്കി ജില്ലാ കമ്മിറ്റി പിരിച്ച തുകയിൽ വീടിനും സ്ഥലത്തിനുമായി 38,90,750 രൂപ ചെലവായെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹത്തിനായി 10,00,100 രൂപ ചെലവിട്ടെന്നും ബാക്കി തുകയാണ് മാതാപിതാക്കളുടെ പേരിൽ സ്ഥിര നിക്ഷേപമാക്കിയെന്നും ജയചന്ദ്രൻ പറഞ്ഞു.
അഭിമന്യുവിന്റെ ഏക സഹോദരൻ പരിജിത്തിന് മൂന്നാർ സഹകരണ ബാങ്കിൽ താൽക്കാലിക ജോലിയും നൽകി. എറണാകുളം ജില്ലാ കമ്മിറ്റി പിരിച്ച തുക അഭിമന്യുവിന്റെ സ്മാരകമായി വിദ്യാർഥി സേവന കേന്ദ്രം നിർമിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.