തിരുവനന്തപുരം∙ സിപിഎം നേതൃത്വവുമായി അകൽച്ചയിലായ മുൻ എംഎൽഎയും സാംസ്കാരികരംഗത്തെ ശ്രദ്ധേയ സാന്നിധ്യവുമായ പിരപ്പൻകോട് മുരളി പാർട്ടി പ്രവർത്തനം മതിയാക്കുന്നു. ഒരു വർഷത്തോളമായി പാർട്ടി കമ്മിറ്റികളിൽ പിരപ്പൻകോട് പങ്കെടുക്കാറില്ല. സിപിഎം സംഘടിപ്പിക്കുന്നതടക്കമുള്ള പൊതുപരിപാടികളിൽ വിളിച്ചാൽ പോകുമെന്നതിലേക്ക് ആ ബന്ധം ചുരുങ്ങി.
തൃശൂരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കിയതോടെയാണു നേതൃത്വവുമായി പൂർണമായും അകലുന്നത്. അതിനു ശേഷം മാസങ്ങളോളം അദ്ദേഹത്തിനു പാർട്ടി ഘടകം നിശ്ചയിച്ചു നൽകിയിരുന്നില്ല. ഒടുവിൽ ജില്ലാ കമ്മിറ്റി അംഗമായിരിക്കുമെന്ന് അറിയിച്ചെങ്കിലും കമ്മിറ്റിയിൽ പങ്കെടുക്കാനായി ‘കാട്ടായിക്കോണം വി. ശ്രീധർ സ്മാരക’ത്തിലേക്ക് അദ്ദേഹം എത്താറില്ല.
വി.എസ്. അച്യുതാനന്ദൻ പാർട്ടി പിടിച്ച പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ വിഎസിനു വേണ്ടി മത്സരിച്ചു ജയിച്ചവരിലൊരാളായ മുരളി എക്കാലത്തും അദ്ദേഹത്തിന്റെ ഉറച്ച അനുയായിയാണ്. വിഎസ് പാർട്ടിയിൽ ദുർബലനായപ്പോഴും സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ അദ്ദേഹത്തിനു വേണ്ടി നിർഭയം വാദിച്ചു. അങ്ങനെ സംസ്ഥാന നേതൃത്വത്തിന് അനഭിമതനായിരിക്കെയാണു തൃശൂർ സമ്മേളനത്തിൽ നടന്ന ഒഴിവാക്കൽ. പ്രായാധിക്യം പറഞ്ഞായിരുന്നു എഴുപത്തിനാലുകാരനെതിരായുള്ള നടപടി.
അതിലേറെ പ്രായമുള്ളവരെ കമ്മിറ്റിയിൽ നിലനിർത്തി തന്നെ ഒഴിവാക്കുന്നതു മുരളി ചോദ്യം ചെയ്തു. സംസ്കാരിക പ്രവർത്തനം പാർട്ടി പ്രവർത്തനമായി കണക്കാക്കാത്തതു കമ്യൂണിസ്റ്റ് പാർട്ടിക്കു ചേർന്നതല്ലെന്നും തുറന്നടിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ ജില്ലാ കമ്മിറ്റിയിലും പങ്കെടുക്കാമെന്നു ചൂണ്ടിക്കാട്ടി നേരത്തെ മുരളിയെ ഇവിടെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെ സംസ്ഥാന കമ്മിറ്റി അംഗത്വം കൂടി പോയതോടെ ഘടകമില്ലെന്ന സ്ഥിതിയായി. അതോടെ മുരളി നേതൃത്വത്തോടു കൂടുതൽ അകന്നു.
വൈകി ഘടകം നിശ്ചയിച്ചു കൊടുത്തെങ്കിലും സംഘടനാ പ്രവർത്തനത്തിന് ഇനിയില്ലെന്നതിലേക്കെത്തി. കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ‘കുറച്ചു നാളായി പോകാറില്ല’ എന്നു മാത്രമായിരുന്നു പ്രതികരണം.
കവി, നാടകകൃത്ത്, രണ്ടുവട്ടം എംഎൽഎ
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന പിരപ്പൻകോട് മുരളി 1971 മുതൽ ജില്ലാ കമ്മിറ്റി അംഗമാണ്. 1996 ലും 2001 ലും വാമനപുരത്തു നിന്ന് എംഎൽഎ ആയി. നാടകകൃത്തും കവിയുമായ അദ്ദേഹം സിപിഎമ്മിനെ സാംസ്കാരിക ലോകവുമായി ചേർത്തുനിർത്തിയ പ്രധാനികളിലൊരാളാണ്. അമ്പതിലേറെ നാടകങ്ങൾക്കായി ഗാനരചനയും പത്തോളം നാടകങ്ങളും രചിച്ചു.‘സംഘചേതന’യുടെ സ്ഥാപകരിൽ ഒരാളുമാണ്.