കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഫെബ്രുവരി മുതൽ സൗദി എയർലൈൻസ് ജിദ്ദയിലേക്ക് 2 സർവീസുകൾകൂടി നടത്തും. ആഴ്ചയിൽ 5 ദിവസം ജിദ്ദയിലേക്കും 2 ദിവസം റിയാദിലേക്കും നടത്തുന്ന സർവീസുകൾക്കു പുറമേയാണിത്.
സമയക്രമം: ജിദ്ദയിൽനിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു 12നു കരിപ്പൂരിലെത്തുന്ന വിമാനം 1.55നു ജിദ്ദയിലേക്കു മടങ്ങും. വ്യാഴം രാവിലെ 10.10നു ജിദ്ദയിൽനിന്നു കരിപ്പൂരിലെത്തുന്ന വിമാനം 11.50നു ജിദ്ദയിലേക്കു പുറപ്പെടും. ഇതോടെ സൗദി എയർലൈൻസിനു ജിദ്ദയിലേക്ക് ഏഴും റിയാദിലേക്കു രണ്ടും ഉൾപ്പെടെ ആഴ്ചയിൽ 9 സർവീസായി. ഫെബ്രുവരി 5 മുതലാണു സർവീസ് ആരംഭിക്കുക. ജിദ്ദയിലേക്കു കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതു പ്രവാസികൾക്കു പുറമേ ഹജ്, ഉംറ തീർഥാടകർക്കും പ്രയോജനപ്പെടും.
ബെംഗളൂരുവിൽ മൂടൽമഞ്ഞ്; കരിപ്പൂരിൽ വിമാനം പിടിച്ചിട്ടു
കരിപ്പൂർ ∙ ബെംഗളൂരുവിലെ മൂടൽമഞ്ഞ് കോഴിക്കോട് വിമാനത്താവളത്തിലെ 2 ആഭ്യന്തര സർവീസുകളെ ബാധിച്ചു. ഇന്നലെ രാവിലെ 7.30നുള്ള ഇൻഡിഗോ വിമാനവും 8.10നുള്ള സ്പൈസ് ജെറ്റ് വിമാനവുമാണു കരിപ്പൂരിൽ പിടിച്ചിട്ടത്. ബെംഗളൂരുവിലെ മൂടൽമഞ്ഞു നീങ്ങിയതോടെ വിമാനങ്ങൾ പുറപ്പെട്ടു.