കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപി ജോൺ പെന്നി ക്വിക്കിന്റെ 178–ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമ ലണ്ടനിൽ സ്ഥാപിച്ചു. പെന്നി ക്വിക്കിനെ സംസ്കരിച്ച ലണ്ടനിലെ സെന്റ് പീറ്റേഴ്സ് പള്ളിയുടെ സെമിത്തേരിയിലാണ് പ്രതിമ സ്ഥാപിച്ചത്. തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കാനായി തന്റെ സമ്പാദ്യം വിറ്റ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച പെന്നി ക്വിക്കിനെ തമിഴ്നാട് ജനത ഏറെ ആദരവോടെയാണ് ഓർമിക്കുന്നത്.
അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് ഒരു പ്രതിമ സ്ഥാപിക്കണമെന്ന തമിഴ്നാട്ടിലെ ആളുകളുടെ ആവശ്യം പള്ളി അധികൃതർ അംഗീകരിച്ചു. തുടർന്ന് ചെന്നൈ പൊലീസ് കമ്മിഷണർ എ.കെ വിശ്വനാഥന്റെ മേൽനോട്ടത്തിൽ കൃഷ്ണഗിരിയിൽ നിർമിച്ച പ്രതിമ ലണ്ടനിൽ എത്തിക്കുകയായിരുന്നു. 1841 ജനുവരി 15ന് ജനിച്ച പെന്നി ക്വിക്ക് 1911ലാണ് മരിച്ചത്.