ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

ചെന്നൈ ∙ പ്രശസ്ത ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു. കരൾ രോഗത്തെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി 8.45ന് ആയിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിനു കരൾമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. സംസ്കാരം പിന്നീടു നടക്കും. മൃതദേഹം ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തിക്കും.

1982 ൽ പുറത്തിറങ്ങിയ ‘വേനൽ’ എന്ന ചിത്രത്തിലൂടെയാണ് ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിനു തുടക്കം കുറിച്ചത്. മൂന്നു ദശാബ്ദത്തോളം നീണ്ട ചലച്ചിത്രജീവിതത്തിൽ എണ്ണംപറഞ്ഞ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളത്തിന്റെ വെള്ളിത്തിരയിൽ സ്വന്തംപേരു കൊത്തിവച്ചു.

ചില്ല്, ദൈവത്തിന്റെ വികൃതികൾ, മഴ, കുലം, വചനം, അന്യർ, രാത്രിമഴ, മീനമാസത്തിലെ സൂര്യൻ, മകരമഞ്ഞ്, സ്വാതി തിരുനാൾ എന്നിവ പ്രധാന ചിത്രങ്ങളാണ്. എം. മുകുന്ദന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രരൂപമായിരുന്നു ‘ദൈവത്തിന്റെ വികൃതികൾ’. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ അധികരിച്ചുള്ളതായിരുന്നു ‘മഴ’. കേരളത്തിലെ വർഗീയ ധ്രുവീകരണമാണു 2003 ൽ പുറത്തിറങ്ങിയ ‘അന്യർ’ എന്ന സിനിമയുടെ ഇതിവൃത്തം.

തിരുവനന്തപുരം ഊരുട്ടമ്പലം സ്വദേശിയായ ലെനിൻ രാജേന്ദ്രൻ യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്ത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പിൽക്കാലത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായായി കെ.ആർ.നാരായണനെതിരെ ഒറ്റപ്പാലത്തു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 5 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ പ്രഫസറായ ഡോ. രമണിയാണ് ഭാര്യ. മക്കൾ: ഗൗതമൻ. ഡോ. പാർവതി.