ഐഎസിൽ ചേരാൻ പോയ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം

SHARE

കണ്ണൂർ∙ നിരോധിത തീവ്രവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ കുടുംബത്തോടൊപ്പം സിറിയയിലേക്കു പോയ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം. അഴീക്കോട് പൂതപ്പാറ തൊലിച്ചി ഹൗസിൽ മജീദിന്റെ മകൻ എ.അൻവർ കൊല്ലപ്പെട്ടുവെന്നു സൂചിപ്പിക്കുന്ന സന്ദേശമാണു പൊലീസിനു ലഭിച്ചത്.

അൻവറിന്റെ ഭാര്യ നഫ്സില സാമൂഹിക മാധ്യമമായ ടെലഗ്രാം വഴി അയച്ച ശബ്ദസന്ദേശത്തിൽ നിന്നു ചില സൂചനകൾ ലഭിച്ചിരുന്നു. ഇതു പിന്തുടർന്ന് അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനായിരുന്ന അൻവർ ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. 2018 ഒക്ടോബറിൽ നാട്ടിലെത്തിയ ശേഷം നവംബർ 19നാണ് 7 മാസം ഗർഭിണിയായ ഭാര്യയെയും ഏഴും നാലും രണ്ടും വയസ്സുള്ള പെൺകുഞ്ഞുങ്ങളെയും കൊണ്ട് ഇറാനിലേക്കു പോയത്. മൈസൂരിലേക്കു വിനോദയാത്ര പോകുന്നുവെന്നാണു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. യാത്ര പോയ കുടുംബം തിരിച്ചെത്താത്തതിനെ തുടർന്നു ഡിസംബർ 5നു നഫ്സിലയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി ഇറാൻ വരെ യാത്ര ചെയ്ത കുടുംബം സിറിയയിലേക്കു കടക്കാൻ കഴിയാതിരുന്നതോടെ അഫ്ഗാനിസ്ഥാനിലേക്കു പോയെന്നും അവിടെ വച്ച് അൻവർ കൊല്ലപ്പെട്ടുവെന്നുമാണു പൊലീസ് നിഗമനം.

നേരത്തെ ഐഎസിൽ ചേരാൻ പോയി കൊല്ലപ്പെട്ട പാപ്പിനിശ്ശേരി സ്വദേശി ടി.വി.ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അൻവറിന്റെ ഭാര്യ നഫ്സില. ഷമീറിന്റെ മക്കളായ സൽമാൻ, സഫ്‍വാൻ എന്നിവരും കൊല്ലപ്പെട്ടതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. കണ്ണൂർ സ്വദേശികളായ 15 പേരെങ്കിലും ഇതുവരെ ഐഎസിൽ ചേരാൻ പോയി കൊല്ലപ്പെട്ടതായാണു പൊലീസ് സംശയിക്കുന്നത്.

അൻവറിന്റെ കുടുംബം അടക്കം സിറ്റി സ്റ്റേഷൻ പരിധിയിൽ നിന്നു 10 പേർ ഐഎസിൽ ചേരാൻ പോയ സംഭവം കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ 35 പേർ ഐഎസിൽ ചേരാൻ പോയ സംഭവം അന്വേഷിച്ച് 5 പ്രതികളെ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA