കൊച്ചി∙ ബാർ കോഴക്കേസിൽ തുടരന്വേഷണത്തിനു മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ചില കാര്യങ്ങളിൽ തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദേശം ഹൈക്കോടതി വിധിക്കു വിധേയമായി നടപ്പാക്കാൻ തയാറാണെന്നും അറിയിച്ചു. മുൻകൂർ അനുമതി തേടിയശേഷം കേസിൽ തുടരന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് കോടതി നിർദേശിച്ചിരുന്നു.
കീഴ്ക്കോടതി ഉത്തരവിനു ശേഷം ഒരാൾ അനുമതി തേടിയപ്പോൾ ഈ വിഷയം ഗവർണറുടെ തീരുമാനത്തിനു വിട്ടതായി വിജിലൻസ് അഡീ. ചീഫ് സെക്രട്ടറി 2018 ഡിസംബർ 10ന് അറിയിച്ചു. ഗവർണർക്കു ഫയൽ നൽകിയപ്പോൾ കെ.എം. മാണിയും വി.എസ്. അച്യുതാനന്ദനും ഹൈക്കോടതിയിൽ നൽകിയ ഹർജികളിൽ കോടതി തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നു പറഞ്ഞതായും കഴിഞ്ഞ ഡിസംബർ 12ന് വിജിലൻസ് അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു. വിജിലൻസ് നിഷ്പക്ഷമായി അന്വേഷിച്ച ശേഷമാണു കീഴ്ക്കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും വിജിലൻസ് എസ്പി കെ.ഇ. ബൈജു അറിയിച്ചു. ബിജു രമേശിന്റെ ഹർജിയിലാണു വിശദീകരണം.