താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ യുഡിഎഫ്

udf-logo
SHARE

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് പാർലമെന്റ്, നിയമസഭാ മണ്ഡലം, പഞ്ചായത്ത് തല കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം താഴെത്തട്ടിൽ ശക്തമാക്കാൻ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. മുന്നണി വിപുലീകരണത്തിനു തുടക്കമിട്ട് ജനതാദൾ (ജോൺ പി.ജോൺ) വിഭാഗത്തെ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയ യോഗം യുഡിഎഫ് പ്രവേശം കാക്കുന്ന മറ്റുള്ളവരുമായി ചർച്ചയ്ക്കു പച്ചക്കൊടി കാട്ടി. ഭരണസ്തംഭനവും ക്രമസമാധാനത്തകർച്ചയും ആരോപിച്ച് 23 നു സെക്രട്ടേറിയറ്റ്, കലക്ടറേറ്റ് മാർച്ച് നടത്തും. കോട്ടയത്തുമാത്രം സമരം 22 നായിരിക്കും.

യുഡിഎഫിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് കത്തു നൽകിയിട്ടുള്ള കാമരാജ് കോൺഗ്രസ്, ഐഎൻഎൽ (ഡെമോക്രാറ്റിക്), എസ്ആർപി, ജെഎസ്എസ് (രാജൻ ബാബുവിഭാഗം), സി.കെ ജാനുവുമായി തെറ്റിപ്പിരിച്ച ജനാധിപത്യ രാഷ്ട്രീയസഭയിലെ ഒരു വിഭാഗം എന്നിവരുമായി ചർച്ച നടത്താൻ ബെന്നി ബഹനാൻ കൺവീനറായ ഉപസമിതിയെ നിയോഗിച്ചു. എം.കെ മുനീർ, ജോയ് ഏബ്രഹാം, എൻ.കെ. പ്രേമചന്ദ്രൻ, ജോണി നെല്ലൂർ എന്നിവരുൾപ്പെട്ട സമിതി ഈ കക്ഷികളുമായി ചർച്ച നടത്തി അടുത്ത യുഡിഎഫ് യോഗത്തിനു മുമ്പു റിപ്പോർട്ട് നൽകും.

രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നു യോഗം വിലയിരുത്തി. ശബരിമല വിഷയം കേരളത്തെ വിഭജിക്കാനായി ബിജെപിയും സിപിഎമ്മും ഉപയോഗിച്ചപ്പോൾ നാടിന്റെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന യാഥാർഥ്യ ബോധത്തോടെയുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ ആദ്യം മുതൽ സ്ഥിരതയാർന്ന നിലപാടെടുത്തതു യുഡിഎഫാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി സർക്കാർ 2016 ൽ എടുത്ത നയത്തിൽ ഒരു മാറ്റവും യുഡിഎഫ് വരുത്തിയില്ല. കോൺഗ്രസിനെ കുറ്റം പറയുന്ന പ്രധാനമന്ത്രി ശബരിമല പ്രശ്‌നത്തിൽ നിയമ നിർമാണത്തിനു തയാറുണ്ടോയെന്നതിനാണു മറുപടി പറയേണ്ടത്.

ബിജെപിക്കു ശക്തിക്ഷയം ഉണ്ടായപ്പോഴെല്ലാം പ്രശ്നം ആളിക്കത്തിച്ച് അവരെ സജ്ജരാക്കുകയാണു സിപിഎമ്മും സർക്കാരും ചെയ്തത്. ആയിരം ദിവസം ആഘോഷിക്കാൻ പോകുന്ന സർക്കാരിന് എടുത്തുപറയാൻ ഒരു പദ്ധതിയെങ്കിലുമുണ്ടോ? പ്രളയാനന്തര പ്രവർത്തനങ്ങൾ പൂർണമായും നിലച്ചുവെന്നും രമേശ് കുറ്റപ്പെടുത്തി.

റസാഖ് കേസ്: വിധി സ്വാഗതാർഹം

ഇടതുസ്വതന്ത്രനായ കാരാട്ട് റസാഖ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്നു യുഡിഎഫ്. കേസിനാസ്പദമായ സംഭവത്തെക്കുറിച്ചു ആ ഘട്ടത്തിൽ തന്നെ യുഡിഎഫിനു പരാതിയുള്ളതാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെയാണു കോടതി വിധി തുറന്നുകാണിച്ചതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA