തിരുവനന്തപുരം ∙ പി.സി. ജോർജ് എംഎൽഎയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിനോടു യുഡിഎഫിൽ എതിർപ്പ്. ജോർജിന്റെ അപേക്ഷ കോൺഗ്രസ് സഹകരണത്തിനാണെന്നു വ്യക്തമായതോടെ അത് ആ പാർട്ടി തീരുമാനിക്കട്ടെയെന്നും യുഡിഎഫ്.
‘രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്’ എന്നാണു ജോർജിന്റെ അപേക്ഷയിൽ പറയുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത്തരം അപേക്ഷ യുഡിഎഫിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അതു കെപിസിസി പ്രസിഡന്റും കോൺഗ്രസും തീരുമാനിക്കേണ്ട കാര്യമാണ്. തന്റെ തോന്നലുകൾക്ക് ഇക്കാര്യത്തിൽ പ്രസക്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ജോർജിന്റെ കത്തിലെ പ്രസക്തഭാഗം കൺവീനർ ബെന്നി ബഹനാൻ വായിച്ചു. ജോർജിന്റെ കാര്യം പറഞ്ഞപ്പോൾ അതു ചർച്ചയ്ക്കെടുക്കേണ്ട കാര്യം പോലുമില്ലെന്ന വികാരമാണു യോഗത്തിലുണ്ടായത്.