മുന്നാക്ക സംവരണം: ഇടതിൽ ദളിന്റെ ഭിന്നസ്വരം

SHARE

തിരുവനന്തപുരം ∙ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് ഇടതുമുന്നണിയിലും എതിർസ്വരം. ഈ നടപടിയോടു വിയോജിക്കാൻ ജനതാദൾ (എസ്) സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. ഇന്നു ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിലുള്ള വിയോജിപ്പ് മുന്നണിയിലെ മൂന്നാംകക്ഷി രേഖപ്പെടുത്തും.

കേന്ദ്രസർക്കാർ പ്രഖ്യാപനത്തോടുള്ള രാഷ്ട്രീയമായ എതിർപ്പ് സിപിഎമ്മും സിപിഐയും വ്യക്തമാക്കിയെങ്കിലും തീരുമാനത്തെ തത്വത്തിൽ അംഗീകരിക്കുകയാണു രണ്ടു പാർട്ടികളും ചെയ്തത്. കേന്ദ്രതീരുമാനം ചില മാറ്റങ്ങളോടെ ഇവിടെ നടപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ സംവരണത്തിന്റെ അടിസ്ഥാനം ജാതിയാണെന്നതിൽ ഉറച്ചുനിൽക്കാനാണു ദളിന്റെ തീരുമാനം. പിന്നാക്കസംവരണം മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ വി.പി.സിങ്ങിന്റെ പിന്മുറക്കാരായ ജനതാ പരിവാറിൽപ്പെട്ടവർക്കു മറിച്ചൊരു നിലപാടെടുക്കാൻ കഴിയില്ലെന്നു പാർട്ടി നേതൃയോഗം വിലയിരുത്തി.

സംവരണത്തെ അനുകൂലിച്ചു പാർലമെന്റിൽ പാർട്ടി  വോട്ടു ചെയ്തതിലുള്ള സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം 29,30 തീയതികളിലെ ദേശീയ നിർവാഹകസമിതി യോഗത്തിൽ ഉന്നയിക്കാനും തീരുമാനിച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സാമ്പത്തികസംവരണം എൽഡിഎഫിന്റെ പ്രകടനപത്രികയി‍ൽ‍ ഉൾപ്പെടുത്തിയതു പാർട്ടിയുടെ വിയോജിപ്പോടെയാണെന്നാണു നേതാക്കൾ അവകാശപ്പെടുന്നത്.

ലോക് താന്ത്രിക് ജനതാദൾ, ഐഎൻഎൽ എന്നീ പുതിയ കക്ഷികൾക്കും സാമ്പത്തിക സംവരണത്തോട് ആശയപരമായ വിയോജിപ്പുണ്ട്. യുഡിഎഫിൽ മുസ്‌ലിം ലീഗ് സാമ്പത്തിക സംവരണത്തെ എതിർക്കുകയാണ്. കോൺഗ്രസും ലീഗും ഇക്കാര്യത്തിൽ ഭിന്ന നിലപാടുകളെടുക്കുന്നതിനിടയിലാണ് എൽഡിഎഫിലും കല്ലുകടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA