ബ്യൂട്ടി സലൂൺ വെടിവയ്പ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ചും

കൊച്ചി∙ നടി ലീന മരിയ പോളിന്റെ കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി സലൂണിൽ എയർപിസ്റ്റൾ ഉപയോഗിച്ചു വെടി ഉതിർത്ത കേസിന്റെ അന്വേഷണത്തിൽ ക്രൈംബ്രാ‍ഞ്ചിനെയും ഉൾപ്പെടുത്തി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ ലോക്കൽ പൊലീസിനു കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലമാക്കുന്നത്.

അധോലോക കുറ്റവാളി രവി പൂജാരിയുടേതെന്ന മട്ടിൽ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ലീനയ്ക്കും സ്വകാര്യ വാർത്താചാനലിനും ഫോൺവിളികൾ എത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണമാണു ക്രൈംബ്രാഞ്ചിനെ ഏൽപിക്കുന്നത്. ഇക്കാര്യത്തിൽ രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായവും തേടും.