വീട്ടമ്മയ്ക്കും കുട്ടികൾക്കും നേരെ ആസിഡ് ആക്രമണം:ഒരാൾ പിടിയിൽ

acid-attack-piravom
SHARE

പിറവം∙ പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മൂട്ടമലയിൽ സ്മിതയുടെയും മക്കളുടെയും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ നെയ്ത്തുശാലപ്പടി സ്വദേശി എം.ടി.റെനിയെ (38) അറസ്റ്റ് ചെയ്തു.

സംശയവും ലഹരി ഉപയോഗവുമാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് എസ്ഐ എം.പി.എബി പറഞ്ഞു.സ്മിതയ്ക്കും മക്കളായ നെവിൻ (13),സ്മിജ (12),സ്മിന (11),സ്മിനു (4) എന്നിവർക്കും പൊള്ളലേറ്റിരുന്നു.സ്മിതയുടെ  ഒപ്പം നേരത്തെ താമസിച്ചിരുന്നയാളാണ് റെനി. വ്യാഴം പുലർച്ചെ 3 മണിയോടെ ഇവർ‌ താമസിക്കുന്ന വാടകവീട്ടിലായിരുന്നു സംഭവം.സാരമായ പൊള്ളലേറ്റ സ്മിജയുടെ കാഴ്ചശക്തിക്ക് പ്രശ്നമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

സ്മിതയെ ആദ്യം വിവാഹം ചെയ്തയാൾ മരിച്ചതോടെ 6 വർഷം മുൻപാണ് റെനിയുമായി അടുത്തത്.ഇൗ ബന്ധത്തിലാണ് നാലാമത്തെ കുട്ടി സ്മിനു ജനിച്ചത്.ഇതിനു ശേഷം മറ്റു കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ 1 വർഷം മുമ്പ് പൊലീസ് റെനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇയാൾ ഇവിടെ നിന്ന് അകന്നു. ഒറ്റമുറി വാടകവീട്ടിൽ സ്മിതയുടെയും മക്കള‌ുടെയും സ്ഥിതി  ശ്രദ്ധയിൽപ്പെട്ട നാ‍ട്ടുകാരുടെ ശ്രമഫലമായി ഓണക്കൂറിനു സമീപം സ്ഥലം വാങ്ങി വീടിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്.

ഇതിൽ പ്രകോപിതനായ റെനി  ബുധനാഴ്ച നെയ്ത്ത‍ുശാലപ്പടിയിൽ ഇവർ താമസിച്ചിരുന്ന  മുറി കുത്തിത്തുറന്ന് കിടക്കകൾക്കും മറ്റും തീയിട്ടു. വ്യാഴാഴ്ച പുലർച്ചെ വീടിനു സമീപത്തുള്ള റബർപുകപ്പുരയിൽ നിന്നു സംഘടിപ്പിച്ച ആസിഡ് ജനലിനുള്ളിലൂടെ മുറിക്കുള്ളിലേക്ക് തൂവുകയായിരുന്നു.ആസിഡ് ഇയാളുടെ മുഖത്തും വീണു.ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും റെനി ഓടിരക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.മുഖത്ത് പൊള്ളലേറ്റതിന്റെ ലക്ഷണങ്ങളുൾപ്പടെയുള്ള തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.ആസിഡ് ഒഴിക്കാനുപയോഗിച്ച പ്ലാസ്റ്റിക് കപ്പ് ഇന്നലെ കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA