തിരുവനന്തപുരം ∙‘പ്രവേശനോത്സവം’ എവിടെ നടന്നാലും അതിനെത്തുന്ന എല്ലാവരും പരസ്പരം അറിയണമെന്നില്ല. അതുകൊണ്ട് യോഗാധ്യക്ഷൻ നിർദേശം വച്ചു, ‘നമുക്കെല്ലാം ആദ്യം പരസ്പരം പരിചയപ്പെടാം, ഞാൻ പിണറായി വിജയൻ, സിപിഐ എം!’’എകെജി സെന്ററിൽ എൽഡിഎഫ് യോഗത്തിനെത്തിയവർ ആദ്യം ഒന്ന് അമ്പരന്നു, പിന്നെ അതു ചെറുചിരിക്കു വഴിമാറി. പിന്നെ കോടിയേരി പറഞ്ഞു: ‘ഞാൻ കോടിയേരി ബാലകൃഷ്ണൻ..’ അങ്ങനെ കേരളത്തിലെ ഇടതുമുന്നണി നയിക്കുന്ന നേതാക്കളെല്ലാവരും പരസ്പരം പരിചയപ്പെടുത്തിയപ്പോൾ മന്ത്രിമാരും ഒഴിഞ്ഞുനിന്നില്ല. മന്ത്രിയാണെന്നും പറഞ്ഞില്ല. പേരും പാർട്ടിയും മാത്രം.
നാലു കക്ഷികളെക്കൂടി ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ച ആദ്യയോഗമാണ് പരിചയപ്പെടുത്തലിനു വേദിയായത്. 10 കക്ഷികളിൽനിന്നായി മുപ്പതോളം പേർ യോഗത്തിനെത്തിയപ്പോൾ ഹാൾ ഞെരുങ്ങി. സാധാരണ 18–20 പേരാണ് എൽഡിഎഫിനെത്തുക. മേശയ്ക്കു ചുറ്റുമുള്ള നിര വിട്ട് രണ്ടാം നിരയിലും കസേരകളിടേണ്ടിവന്നു. അടുത്ത യോഗം മുതൽ ചെറു കസേരകളാക്കിയാൽ സ്ഥലം ലാഭിച്ചു കാലു നീട്ടിയിരിക്കാമെന്നുമുള്ളതായി വിപുലീകരിച്ച എൽഡിഎഫിന്റെ ‘ആദ്യ തീരുമാനം!’
പുതിയ കക്ഷികളെ പ്രതിനിധീകരിച്ച് ആർ. ബാലകൃഷ്ണപിള്ള, കെ.ബി.ഗണേഷ്കുമാർ (കേരള കോൺഗ്രസ്–ബി), എം.വി.ശ്രേയാംസ്കുമാർ, ഷെയ്ഖ് പി. ഹാരിസ് (എൽജെഡി) എ.പി അബ്ദുൽ വഹാബ്, കാസിം ഇരിക്കൂർ (ഐഎൻഎൽ) ഫ്രാൻസിസ് ജോർജ്, ഡോ:കെ.സി. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവരാണു ‘പ്രവേശനോത്സവത്തി’നെത്തിയത്. ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയതിനുള്ള നന്ദി ഓരോ കക്ഷിയും അറിയിച്ചു. ചായയ്ക്കൊപ്പം ഒരു പലഹാരമാണു പതിവെങ്കിലും ഇത്തവണ ഉണ്ണിയപ്പം രണ്ടുവീതം! ‘കൊട്ടാരക്കര ഉണ്ണിയപ്പമാണോ’യെന്ന ചോദ്യമുയർന്നപ്പോൾ ആർ. ബാലകൃഷ്ണപിള്ള കുലുങ്ങിച്ചിരിച്ചു.
മേഖലാ ജാഥകളുമായി എൽഡിഎഫ്
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മേഖല തിരിച്ചു രണ്ടു രാഷ്ട്രീയ പ്രചാരണ ജാഥകൾ നടത്താൻ എൽഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്നുളള ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാസർകോട്ടു നിന്നു തുടങ്ങുന്നതു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും.
ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന ജാഥകൾ മാർച്ച് രണ്ടിന് തൃശൂരിൽ വൻറാലിയോടെ സമാപിക്കും. ബിജെപിയെയും കോൺഗ്രസിനെയും തുറന്നു കാണിക്കുന്നതാകും ജാഥകളെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.