ന്യൂഡൽഹി∙ രാജ്യത്തെ ധീരബാല്യങ്ങളുടെ പട്ടികയിൽ 2 മലയാളികളും. സഹജീവി സ്നേഹത്തിന്റെ കൈനീട്ടിയ കോട്ടയം കുമരകം എസ്‌കെഎം എച്ച്എസ്എസിലെ നാലാം ക്ലാസുകാരൻ അശ്വിനും അരീക്കോട് കീഴ്പറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർഥി ശിഖിലും. ധീരതാ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇരുവരും ഇന്നലെ ഡൽഹിയിലെത്തി.
ചാലിയാർ പുഴയിൽ കിഴുപറമ്പിൽ ഒഴുക്കിൽപെട്ട കുടുംബത്തെ രക്ഷിക്കുന്നതിനു കാട്ടിയ ധീരതയാണ് പതിമൂന്നുകാരനായ ശിഖിലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 2017 സെപ്റ്റംബറിലായിരുന്നു അപകടം. നിലതെറ്റി വെള്ളത്തിൽ വീണുപോയ ഒരു കുടുംബത്തിലെ നാലുപേരിൽ 3 പേരെ ശിഖിൽ കരയിലെത്തിച്ചു. കൂട്ടത്തിലുണ്ടായിരുന്ന, സ്കൂളിലെ സീനിയർ വിദ്യാർഥിയെ രക്ഷിക്കാൻ കഴിയാത്തതിന്റെ സങ്കടം ഇപ്പോഴും ബാക്കി. ഒഴുക്കിൽപ്പെട്ട അമ്മയെ രക്ഷിച്ച കഥയും ശിഖിലിനു പറയാനുണ്ട്. 5ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. കൂലിപ്പണിക്കാരനായ കെ.സുരേന്ദ്രന്റെയും ബീനയുടെയും മകനാണ്. ഷിബിനും സുരഭിയും സഹോദരങ്ങൾ.
സൈക്കിൾ ചവിട്ടുന്നതിനിടെ, വെള്ളത്തിൽ വീണ കൂട്ടുകാരന്റെ ജീവൻ രക്ഷിച്ചതാണ് നാലാം ക്ലാസ് വിദ്യാർഥിയായ അശ്വിൻ സജീവിനെ അംഗീകാരത്തിന് അർഹനാക്കിയത്. 2018 മേയ് 26നായിരുന്നു സംഭവം. ഒപ്പം സൈക്കിൾ ചവിട്ടി വന്ന കൂട്ടുകാരനായ അശ്വിൻ സനീഷ് വെള്ളത്തിൽ വീണതറിഞ്ഞ് അശ്വിൻ സജീവ് 20 അടി താഴ്ചയുള്ള വെള്ളത്തിലേക്കു ചാടി കൂട്ടുകാരന്റെ ജീവൻ കരയിലെത്തിച്ചു. കോട്ടയം കുമരകം കൊല്ലങ്കേരി കണിയാത്തറ ചിറയിൽ സജീവിന്റെയും അനിലയുടെയും മകനാണ് അശ്വിൻ.