തിരുവനന്തപുരം ∙ യുഡിഎഫ്, എൽഡിഎഫ് നേതൃയോഗങ്ങൾ ഒരേ ദിവസം ചേർന്നു തിരഞ്ഞെടുപ്പു പോരിന് ഇഞ്ചോടിഞ്ച് തുടക്കം. യുഡിഎഫ് നേതൃയോഗത്തിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു ഘടകകക്ഷികൾ രംഗത്തെത്തി. ഇടതുമുന്നണി ആ ചർച്ച നീട്ടിവച്ചു. ഒരു സീറ്റിൽ മത്സരിക്കുന്ന കേരളകോൺഗ്രസ് മറ്റൊരു സീറ്റിനു കൂടിയുള്ള അർഹത ചൂണ്ടിക്കാട്ടി. ഇടുക്കി സീറ്റ് വേണമെന്നായി കേരളകോൺഗ്രസിന്റെ (ജേക്കബ്) ആവശ്യം. വേണ്ടത് അടുത്ത യോഗത്തിൽ പറയുമെന്നു മുസ്‌ലിംലീഗും.
ഇടുക്കി, കോട്ടയം, ചാലക്കുടി സീറ്റുകളിൽ ഏതെങ്കിലും 2 സീറ്റ് വേണമെന്നാണ് കേരള കോൺഗ്രസ് ആവശ്യം. മുൻപു മൂവാറ്റുപുഴ, മുകുന്ദപുരം സീറ്റുകൾ ഉണ്ടായിരുന്നത് പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടി. ഈ ചർച്ച ആരംഭിച്ചപ്പോൾ തന്നെ ഓരോ കക്ഷിയുമായും പ്രത്യേകം ചർച്ച നടത്താമെന്നു കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ തവണ ദൾ മത്സരിച്ച പാലക്കാട് സീറ്റിന്റെ കാര്യത്തിലും തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
നേരത്തേ കോൺഗ്രസിനു കൂടി അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതു കോൺഗ്രസിൽ കലാപം തന്നെ ഉണ്ടാക്കിയ പശ്ചാത്തലത്തിലാണു ലോക്സഭയിലേക്കുള്ള മാണിഗ്രൂപ്പിന്റെ പുതിയ അവകാശവാദം. കെ.എം മാണി യോഗത്തിനുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രചാരണ ജാഥയുടെ വിശദാംശങ്ങളാണ് എൽഡിഎഫ് ചർച്ച ചെയ്തത്. യുഡിഎഫിൽ വിവിധ കക്ഷികളാണു ജാഥ നടത്തുന്നതെങ്കിൽ അതിനു പകരം സിപിഎം–സിപിഐ നേതാക്കൾ നയിക്കുന്ന മേഖലാജാഥയെന്ന മുൻപരീക്ഷണം തുടരാൻ ഇടതു മുന്നണി നിശ്ചയിച്ചു. എല്ലാ കക്ഷികളിലെയും അംഗങ്ങൾ രണ്ടു ജാഥകളിലും അംഗങ്ങളായിരിക്കും.
നേരത്തേ മേഖലാജാഥകൾ നടന്നപ്പോൾ രണ്ടിടത്തു സമാപിച്ചതു പ്രയോജനം ചെയ്തില്ലെന്ന വിലയിരുത്തലിൽ തൃശൂരിൽ പൊതുസമാപനപരിപാടി തീരുമാനിച്ചു. മാർച്ച് രണ്ടിനു ജാഥ സമാപിക്കുന്നതിനു തൊട്ടടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. സീറ്റ് വിഭജനത്തെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.
പിള്ളയ്ക്കൊപ്പം ഇരിക്കാനില്ല; വിഎസ് വിട്ടുനിന്നു
തിരുവനന്തപുരം∙ ആർ. ബാലകൃഷ്ണപിളളയും ഐഎൻഎല്ലും ആദ്യമായി പങ്കെടുത്ത ഇടതുമുന്നണി നേതൃയോഗത്തിൽനിന്നു വി.എസ്. അച്യുതാനന്ദൻ വിട്ടുനിന്നു. ഇരുപാർട്ടികളെയും ഉൾപ്പെടുത്തിയതിലുള്ള വിയോജിപ്പു വ്യക്തമാക്കിയതിനു പിന്നാലെയാണു വിഎസ് ഒഴിഞ്ഞുനിന്നത്. കഴിഞ്ഞ 2 യോഗങ്ങളിലും വിഎസ് പങ്കെടുത്തിട്ടില്ലെന്നും ഇതും അതുപോലെ കണ്ടാൽ മതിയെന്നുമാണു സിപിഎം ഭാഷ്യം. ശാരീരികാസ്വാസ്ഥ്യം കൊണ്ടാകാം വിട്ടുനിന്നതെന്നു മുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ബാലകൃഷ്ണപിളളയുടെ സാന്നിധ്യം മൂലമല്ലേ വിഎസ് മാറിനിന്നതെന്നു ചോദിച്ചപ്പോൾ, രാഷ്ട്രീയ നിലപാടുകൾ വ്യക്തിവിരോധമായി കാണേണ്ടതില്ലെന്നു വിജയരാഘവൻ വിശദീകരിച്ചു. യോഗങ്ങൾ വിഎസിനെ അറിയിക്കാറുണ്ട്. ചിലപ്പോൾ എത്താറില്ല– കൺവീനർ പറഞ്ഞു.