കണ്ണൂർ∙ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാൽ) ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയർത്താൻ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം അംഗീകാരം നൽകി. നിലവിൽ 1500 കോടിയാണ് ഓഹരി മൂലധനം. 2000 കോടി കൂടി സമാഹരിക്കും. ഫെബ്രുവരിയിൽ ഇതിനു തുടക്കമാകും. അതേസമയം, ഒൻപതു വർഷം മുൻപു നിക്ഷേപം നടത്തിയവർക്കു നഷ്ടം സംഭവിക്കാതിരിക്കാൻ പുതിയ ഓഹരിയുടെ മുഖവില ഉയർത്തണമെന്ന് ഓഹരിയുടമകൾ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും ധാരണയായില്ല.
നിലവിൽ 100 രൂപയാണു മുഖവില. ഇതു 150 രൂപയാക്കി ഉയർത്തണമെന്നായിരുന്നു ആവശ്യം. ഒരാൾ 50,000 രൂപയുടെ ഓഹരിയെങ്കിലും എടുക്കണമെന്ന വ്യവസ്ഥ 5000 രൂപയായി കുറയ്ക്കണമെന്ന ആവശ്യവും യോഗം തള്ളി.