മലബാർ യൂണിയനിൽ തിരഞ്ഞെടുപ്പ് നടന്നില്ല, മിൽമ ചെയർമാൻ പുറത്ത്

milma-logo
SHARE

പാലക്കാട് ∙ മിൽമ മലബാർ മേഖലാ യൂണിയനിലെ തിരഞ്ഞെടുപ്പ് കാലാവധിക്കുള്ളിൽ നടക്കാത്തതിനാൽ ഭരണസമിതി അസാധുവായി, ഇതോടെ ചെയർമാൻ പി.ടി.ഗോപാലക്കുറുപ്പിനു സ്ഥാനം നഷ്ടപ്പെട്ടു. കോൺഗ്രസ് നേതാവായ ഗോപാലക്കുറുപ്പ് മലബാർ യൂണിയന്റെ പ്രതിനിധിയായാണു ചെയർമാൻ സ്ഥാനത്തെത്തിയത്. 

കോഴിക്കോട് ആസ്ഥാനമായ മലബാർ മേഖലാ യൂണിയന്റെ കാലാവധി ഡിസംബർ 26ന് അവസാനിക്കുന്നതിനാൽ ഡിംസബർ 23നു തിരഞ്ഞെടുപ്പു നടത്താൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സർക്കാർ ഇറക്കിയ ഓർഡിനൻസ് അനുസരിച്ചു ജില്ല തിരിച്ചാണു വോട്ടെടുപ്പു നടത്തേണ്ടത്. എന്നാൽ, ജില്ലകളിൽ വോട്ടെടുപ്പു നടത്തിയാൽ അട്ടിമറി സാധ്യതയുണ്ടാകുമെന്നു കരുതി യൂണിയനു കീഴിലുള്ള 6 ജില്ലകളിലെയും തിരഞ്ഞെടുപ്പ് ഒരു സ്ഥലത്തു നടത്തണമെന്നാവശ്യപ്പെട്ടു മലബാർ യൂണിയൻ ഹൈക്കോടതിയെ സമീപിച്ചു. കോടതി നടപടി കാത്തിരുന്നതോടെ 23നു തിരഞ്ഞെടുപ്പു നടന്നില്ല. 

തുടർന്ന്, ഭരണസമിതി അസാധുവായെന്നു കാണിച്ചു സർക്കാർ മലബാർ യൂണിയനിൽ അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചു. മലബാർ യൂണിയൻ ചെയർമാൻ കെ.എൻ.സുരേന്ദ്രനാഥിനും പി.ടി.ഗോപാലക്കുറുപ്പ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾക്കും സംസ്ഥാന യൂണിയനിൽ പ്രാതിനിധ്യം നഷ്ടപ്പെട്ടു. അതിനാൽ കുറുപ്പിനു സംസ്ഥാന ചെയർമാൻ സ്ഥാനത്തു തുടരാൻ കഴിയാതെയായി. 

മലബാർ, തിരുവനന്തപുരം, എറണാകുളം മേഖലകളാണു മിൽമയ്ക്കുള്ളത്. മലബാറിനു പ്രാതിനിധ്യം ഇല്ലെങ്കിലും മറ്റു യൂണിയനുകൾ 22നു യോഗം ചേർന്നു പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA