മാന്ദാമംഗലം (തൃശൂർ) ∙ പള്ളിത്തർക്കത്തെത്തുടർന്നു കല്ലേറും സംഘർഷവുമുണ്ടായ സെന്റ് മേരീസ് പള്ളിയുടെ കവാടത്തിനു പുറത്ത് കുർബാന അർപ്പിച്ച് യാക്കോബായ സഭാംഗങ്ങൾ. സമാധാന വ്യവസ്ഥയുടെ ഭാഗമായി പള്ളി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊതുനിരത്തിനോടുചേർന്ന് കുർബാന അർപ്പണം നടത്തിയത്. വൈകിട്ട് വിശ്വാസ സംരക്ഷണ സന്ദേശമുയർത്തി സഭാംഗങ്ങൾ പ്രകടനവും ധർണയും നടത്തി.
പള്ളിയിൽ ആരാധനാസ്വാതന്ത്ര്യത്തിന് യാക്കോബായ സഭാംഗങ്ങൾ നേരത്തെ അനുമതി തേടിയെങ്കിലും പിന്നീടു സമാധാന വ്യവസ്ഥകൾ അംഗീകരിച്ച് പള്ളി അടച്ചിടുന്നതിനോടു യോജിച്ചിരുന്നു. ഇതോടെ ഞായറാഴ്ച കുർബാന മുടങ്ങാതിരിക്കാൻ പള്ളിക്കു പുറത്തു നടത്താൻ സഭാംഗങ്ങൾ തീരുമാനിച്ചു. രാവിലെ 8.30ന് വികാരി ഫാ. ബേസിൽ ഏറാടിക്കുന്നേലിന്റെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിക്കു മുന്നിലെത്തി. പള്ളി ഗേറ്റിനു മുന്നിലെ റോഡരികിൽ അൾത്താരയൊരുക്കി. ഹൈക്കോടതി അപ്പീലിൽ വിധി വരുന്നതുവരെ പള്ളിയിൽ പ്രവേശിക്കില്ലെന്നാണ് യാക്കോബായ, ഓർത്തഡോക്സ് സഭാംഗങ്ങൾ ജില്ലാ ഭരണകൂടത്തിനു നൽകിയ ഉറപ്പ്.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വസ്തുതകൾ വിശദീകരിക്കുന്നതിന്റെ ഭാഗമായി യാക്കോബായ സഭാംഗങ്ങൾ പട്ടിക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പെരുമ്പാവൂർ മേഖല ഭദ്രാസനാധിപൻ മാത്യൂസ് മാർ അന്തിമോസ് ഉദ്ഘാടനം ചെയ്തു. തൃശൂർ ഭദ്രാസനാധിപൻ ഡോ. ഏലിയാസ് മാർ അത്താനിയോസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ബേസിൽ ഏറാടിക്കുന്നേൽ, ഫാ. രാജു മാർക്കോസ്, ഷാജി ചൂണ്ടയിൽ, പീറ്റർ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.