തിരുവനന്തപുരം∙ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ഉടൻ തുടങ്ങുമെന്നു വിമാനക്കമ്പനികൾ. നിലവിലുള്ള രാജ്യാന്തര സർവീസുകളിൽ ഈടാക്കുന്ന അമിത നിരക്കു കുറയ്ക്കാനും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലാണു കമ്പനി മേധാവികൾ ഉറപ്പു നൽകിയത്.
കണ്ണൂരിൽ നിന്നു ദുബായ്, ഷാർജ, അബുദാബി, മസ്‌കത്ത്, ദോഹ, ബഹ്‌റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ, സിംഗപ്പൂർ, മലേഷ്യ, ഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു കൂടുതൽ സർവീസ് തുടങ്ങണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഉടൻ നടപടിയെടുക്കണം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങണം. ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാ പഠന റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. കാസർകോട്ടെ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എയർ ഇന്ത്യയുടെ കണ്ണൂരിൽ നിന്നുള്ള അമിത നിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകിയതായി എയർ ഇന്ത്യ സിഎംഡി: പി.എസ്.ഖരോള അറിയിച്ചു. കൂടുതൽ ആഭ്യന്തര സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കും 10 ആഭ്യന്തര കമ്പനികളുടെയും 12 രാജ്യാന്തര കമ്പനികളുടെയും പ്രതിനിധികളാണു പങ്കെടുത്തത്.