അമിത േവഗം; പിഴ അടച്ചില്ലെങ്കിൽ ലൈസൻസ് പോകും; റജിസ്ട്രേഷനും

over-speed
SHARE

പത്തനംതിട്ട∙ അമിതവേഗത്തിൽ പാഞ്ഞ് ക്യാമറയിൽ കുടുങ്ങിയതിന്റെ പിഴത്തുക അടച്ചില്ലെങ്കിൽ വാഹനത്തിന്റെ റജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കാൻ ഗതാഗതവകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ വർഷം കുടുങ്ങിയത് 4.6 ലക്ഷം വാഹനയുടമകളാണ്. ഇതിൽ 15 % പേർ പിഴയടച്ചിട്ടില്ല. 2017ലും 2018ലുമായി അമിതവേഗത്തിൽ 5 തവണയും അതിലേറെ തവണയും കുടുങ്ങിയത് 48,000 വാഹനങ്ങളാണ്. 5 തവണയിലേറെ കുടുങ്ങിയിട്ടും പിഴ അടയ്ക്കാത്ത 26,322 പേർക്കാണ് ആദ്യം നോട്ടിസ് അയയ്ക്കുന്നത്. ഒരു തവണ ക്യാമറയിൽ കുടുങ്ങിയാൽ 400 രൂപയാണ് പിഴ.

കഴിഞ്ഞ വർഷം10 തവണയിൽ കുടുതൽ കുടുങ്ങിയ 2500 പേർ പണമടയ്ക്കാനുണ്ട്. രണ്ടു മാസത്തിനിടെ 50 തവണ അമിത വേഗത്തിനു പിഴയടച്ച വാഹനയുടമകളുണ്ട്. ഒറ്റ യാത്രയിൽ തന്നെ 7 തവണ അമിത വേഗത്തിനു കുടുങ്ങിയവരുമുണ്ട്. 25 തവണയിൽ കുടുതൽ കുടുങ്ങിയിട്ടും പണമടയ്ക്കാത്ത 497 േപരുണ്ട്. 10നും 25നും ഇടയിൽ തവണ കുടുങ്ങിയിട്ടും പിഴയടയ്ക്കാത്തവർ 25,825 പേരാണ്. 

നോട്ടിസ് തപാൽ വഴി ലഭിച്ചിട്ടില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പിന്റെ െവബ്സൈറ്റിൽ പരിശോധിച്ചാൽ ക്യാമറയിൽ കുടുങ്ങിയോ എന്നറിയാനാകും. 2017ൽ 4287 പേരാണ് റോഡപകടത്തിൽ മരിച്ചത്. കൂടുതൽ അപകടവും അമിതവേഗം കൊണ്ടാണ്. 5തവണ അമിതവേഗത്തിനു പിടിയിലായാൽ ലൈസൻസ് റദ്ദാക്കുമെന്നു നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായില്ല. 

വേഗനിരക്ക് ഉയർത്താതെ കേരളം 

ദേശീയ പാതകളിൽ വേഗത്തിന്റെ തോത് ഉയർത്തി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിലെ ദേശീയപാതകളുടെ അവസ്ഥ പരിഗണിച്ച് സംസ്ഥാനസർക്കാർ നിലവിലുള്ള വേഗത്തിന്റെ തോത് ഉയർത്തിയില്ല. നാലുവരി പാതയിൽ കേന്ദ്രസർക്കാർ 100 കിലോമീറ്റർ വേഗമാണ് കാറുകൾക്ക് നിർദേശിക്കുന്നത്. നഗരപരിധിയിൽ 70 കിലോമീറ്ററാണ്. പക്ഷേ കേരളത്തിൽ 2014ൽ നിശ്ചയിച്ച വേഗം തന്നെയാണ് നിലവിൽ. ഇത് ദേശീയ പാതയിൽ 85 കിലോമീറ്റർ. സംസ്ഥാന പാതയിൽ 80. നാലുവരിപ്പാതയിൽ 90 കിലോമീറ്റർ; മറ്റു റോഡുകളിൽ 70. നഗരപരിധിയിൽ 50 കിലോമീറ്റർ മാത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA