അയ്യപ്പ ഭക്തി സംഗമത്തിൽ അമൃതാനന്ദമയി പങ്കെടുക്കരുതായിരുന്നു: ബാലൻ‌

തിരുവനന്തപുരം∙ ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തി സംഗമത്തിനു മാതാ അമൃതാനന്ദമയി പോകാൻ പാടില്ലായിരുന്നുവെന്നു മന്ത്രി എ.കെ.ബാലൻ. അങ്ങനെയുള്ള വേദിയിൽ രാഷ്ട്രീയ പ്രസംഗത്തിനു മൂകസാക്ഷിയായി അമൃതാനന്ദമയി നിൽക്കേണ്ടിയിരുന്നില്ല. എല്ലാവരുടെയും അമ്മയായ മാതാ അമൃതാനന്ദമയി, മന്ത്രിമാരെ സന്യാസിമാർ വിമർശിച്ച വേദിയിൽ പങ്കെടുത്തതിലുള്ള വികാരമാണു കോടിയേരി ബാലകൃഷ്ണൻ പ്രകടിപ്പിച്ചത്. അത് അദ്ദേഹത്തിന്റെ കരച്ചിലാണ്. അല്ലാതെ അദ്ദേഹം ആക്ഷേപിച്ചിട്ടില്ല.

തങ്ങളെല്ലാവരും അമ്മയുടെ വേദികളിൽ പോയിട്ടുണ്ട്. അമ്മയുടെ സേവനങ്ങൾ അംഗീകരിച്ചിട്ടുമുണ്ട്. തങ്ങൾ അമ്മയുടെ മക്കളല്ലെന്നു വിലയിരുത്തുന്നതിൽ വിഷമമുണ്ട്. അമ്മയുടെ മുന്നിൽ എല്ലാവരും സമന്മാരല്ലേ. മുമ്പ് അമ്മ പറഞ്ഞതിനു 10 വർഷം കഴിഞ്ഞപ്പോൾ മാറ്റം വന്നോയെന്നും ബാലൻ ചോദിച്ചു. ശബരിമലയിൽ കയറിയ 51 യുവതികളുടെ പട്ടിക സുപ്രീം കോടതിയിൽ നൽകിയതിനെക്കുറിച്ചു തനിക്കോ നിയമ വകുപ്പിനോ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.