കെഎഎസിൽ എല്ലാ വിഭാഗത്തിനും സംവരണം; ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മന്ത്രി ബാലൻ

AK-Balan-6
SHARE

തിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) എല്ലാ വിഭാഗങ്ങൾക്കും സംവരണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി എ.കെ.ബാലൻ. എന്നാൽ ഏതു രീതിയിലാണു നടപ്പാക്കുകയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു വ്യക്തമായ മറുപടി ഉണ്ടായില്ല.

എല്ലാവർക്കും സംവരണം ലഭിക്കുന്നതിനായി 2017 ഡിസംബർ 29നു നിലവിൽ വന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മന്ത്രി അറിയിച്ചു. ചട്ടങ്ങളിൽ അവ്യക്തതയുണ്ടെങ്കിൽ പരിഹരിക്കും. തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ എൽഡിഎഫ് സർക്കാർ സംവരണം നഷ്ടപ്പെടുത്തുന്നതായി ചിലർ പ്രചാരണം നടത്തുകയും മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ സത്യഗ്രഹം പ്രഖ്യാപിക്കുകയും ചെയ്തതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പൊതു വിഭാഗം, സർക്കാർ സർവീസിലെ ഗസറ്റഡ് അല്ലാത്ത ജീവനക്കാർ, ഗസറ്റഡ് ജീവനക്കാർ എന്നിവരിൽ നിന്നാണ് കെഎഎസിലേക്കു നിയമനം. പൊതു വിഭാഗത്തിലേക്ക് എല്ലാ ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം. 50% സംവരണവും ഉണ്ട്. സർക്കാർ ജീവനക്കാർക്കായി നീക്കി വച്ച രണ്ടും മൂന്നും വിഭാഗങ്ങളിൽ സംവരണമില്ലെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ആ വിഭാഗങ്ങളിലും സംവരണം നടപ്പാക്കാൻ താനും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിക്കുകയായിരുന്നു.

സംവരണ വിഭാഗങ്ങൾക്കു കെഎഎസിൽ പ്രാതിനിധ്യം കുറഞ്ഞാൽ നികത്താൻ നടപടി സ്വീകരിക്കുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും ചിലർ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിന്റെ പേരിൽ ആരും പ്രചാരണത്തിനിറങ്ങേണ്ട. സംവരണം നിലവിലുള്ള രീതിയിലായിരിക്കുമോ സ്പെഷൽ റിക്രൂട്മെന്റാണോ എന്നതിനു പ്രസക്തിയില്ല. സംവരണത്തിൽ കുറവു വരില്ല. രണ്ടും മൂന്നും വിഭാഗങ്ങൾക്കു സംവരണം നൽകുന്ന സാഹചര്യത്തിൽ സർക്കാർ സർവീസിൽ തസ്തിക മാറ്റം വഴിയുള്ള എല്ലാ നിയമനങ്ങളിലും സംവരണം വരുമോയെന്നതിനു മന്ത്രി ബാലൻ വ്യക്തമായ മറുപടി നൽകിയില്ല. കെഎഎസ് പുതിയ സംവിധാനമായതിനാലാണ് അതിൽ നടപ്പാക്കുന്നതെന്നായിരുന്നു വിശദീകരണം.

സർക്കാരിനു മുന്നിൽ 3 വഴികൾ

തിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്ക് (കെഎഎസ്) അപേക്ഷിക്കുന്ന മൂന്നു വിഭാഗത്തിലും പെട്ടവർക്കു സംവരണം നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാരിനു മുന്നിലുള്ളതു മൂന്നു വഴികൾ. എൽഡിഎഫ് സർക്കാർ സംവരണത്തിന് എതിരാണെന്ന പ്രതിപക്ഷ പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിൽ  അതിൽനിന്നു രക്ഷപ്പെടാൻ അടിയന്തരമായി സംവരണം നടപ്പാക്കുന്നതായി  പ്രഖ്യാപിക്കുകയായിരുന്നു.

പൊതു വിഭാഗം, ഗസറ്റഡ് ഓഫിസർമാരല്ലാത്ത സർക്കാർ ജീവനക്കാർ, ഗസറ്റഡ് ഓഫിസർമാർ എന്നിവരിൽ നിന്നു തുല്യ അനുപാതത്തിലാണു കെഎഎസിൽ നിയമനം. മൂന്നു വിഭാഗങ്ങളിലും നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ അനുസരിച്ചു നിയമനം നടത്തുകയാണു സർക്കാരിനു മുന്നിലുള്ള ആദ്യ വഴി. എന്നാൽ ഒരു തവണ സംവരണത്തിലൂടെ സർക്കാർ ജോലി ലഭിച്ചവർക്കു വീണ്ടും കെഎഎസിൽ സംവരണ നിയമനം ലഭിച്ചാൽ  കേസ് വരാം. ഒരാൾക്കു രണ്ടു തവണ സംവരണാനുകൂല്യത്തിലൂടെ ജോലി ലഭിക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതി വിധികളുണ്ട്. ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ഗസറ്റഡ് അല്ലാത്തവർക്കും കെഎഎസിൽ സംവരണം ഏർപ്പെടുത്തുന്നതു സംബന്ധിച്ചു അഡ്വക്കേറ്റ് ജനറലും നിയമ സെക്രട്ടറിയും പരസ്പര വിരുദ്ധമായ ഉപദേശമാണു സർക്കാരിനു നൽകിയത്.

എല്ലാ വിഭാഗത്തിലും സംവരണം ഏർപ്പെടുത്തിയ ശേഷം പിന്നീടു കേസ് വന്നാലും സർക്കാരിനു കയ്യൊഴിയാം. മെറിറ്റിലൂടെ സർക്കാർ സർവീസിൽ കയറിയ സംവരണ വിഭാഗത്തിൽപ്പെട്ടവർക്കു മാത്രം ഗസറ്റഡ്,നോൺ ഗസറ്റ‍ഡ് വിഭാഗങ്ങളിൽ സംവരണം നൽകുകയും സംവരണത്തിലൂടെ ഒരു തവണ സർക്കാർ ജോലി ലഭിച്ചവരെ വീണ്ടും സംവരണത്തിൽ നിന്ന് ഒഴിവാക്കുകയുമാണു രണ്ടാമത്തെ വഴി. ഈ രീതിയിൽ സംവരണം നടപ്പാക്കിയാൽ  പിന്നീടു കേസ് വന്നാലും പ്രശ്നമുണ്ടാവില്ലെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. ഇത്തരമൊരു നടപടിയിലൂടെ കെഎഎസിലെ സംവരണവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും സാധിക്കും.

സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവാണെങ്കിൽ അവർക്കായി നിശ്ചിത ഒഴിവു നീക്കിവയ്ക്കുകയും സ്പെഷൽ റിക്രൂട്മെന്റിലൂടെ അവരെ നിയമിക്കുകയും ചെയ്യുന്നതാണു മൂന്നാമത്തെ വഴി. ഇതു നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ശക്തമായ എതിർപ്പ്  ഉണ്ടായി. ഈ സാഹചര്യത്തിൽ ആദ്യത്തെ രീതിയിൽ സംവരണം നടപ്പാക്കി ഭാവി കാര്യങ്ങൾ കോടതിയുടെ തീർപ്പിനു വിടുകയോ രണ്ടാമത്തെ തീരുമാനം അംഗീകരിച്ചു സംവരണം ഉറപ്പാക്കുയോ ചെയ്യാനാണു സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഇതിന്റെ പേരിലുള്ള ആക്ഷേപം ഒഴിവാക്കുന്നതിനു തന്നെയാണു മുൻഗണന നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA