തിരുവനന്തപുരം ∙ കാർ അപകടത്തിൽ മരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഡ്രൈവർ അർജുൻ രണ്ടു കേസുകളിൽ പ്രതിയാണെന്നു പൊലീസ് കണ്ടെത്തി. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം.
ബാലഭാസ്കറിന്റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദൂരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. ബാലഭാസ്കർ അടുത്ത സൗഹ്യദ പുലർത്തിയിരുന്ന പാലക്കാട്ടെ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു കുടുംബം പ്രധാന്യമായും സംശയം പ്രകടിപ്പിച്ചത്. എന്നാൽ ഇതിൽ ദുരൂഹതയില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായാണ് പൊലീസ് നൽകുന്ന സൂചന.
അതേ സമയം ഡ്രൈവർ അർജുൻ ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലെ രണ്ടു കേസുകളിൽ പ്രതിയാണെന്നാണു കണ്ടെത്തൽ. എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്ക് ഒപ്പം ഡ്രൈവറായി പോയെന്നതാണ് കേസ്. അതേസമയം ബാലഭാസ്കറിന്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നു ആരോപിച്ച് പിതാവ് രംഗത്ത് എത്തി. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നും പരാതി നൽകിയിട്ടും തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും ഇദ്ദേഹം ആരോപിച്ചു.