കേരളത്തിനും പ്രിയങ്കരം

priyanka-kc
SHARE

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിക്കൊപ്പം ആവേശം വിതയ്ക്കാൻ പ്രിയങ്ക കൂടിയുണ്ടാകുമെന്ന തിരിച്ചറിവ് തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന കോൺഗ്രസ് പാർട്ടിക്കു വർധിതാവേശം പകരും. കെ.സി. വേണുഗോപാലിന്റെ ആരോഹണം കേരളത്തിനുള്ള അംഗീകാരം കൂടിയായി. ഇന്ദിരാഗാന്ധിയെ അന്നുമിന്നും ആരാധിക്കുന്ന സംസ്ഥാനത്തെ വലിയൊരു വിഭാഗം സ്ത്രീകൾക്കു പ്രിയങ്കയുടെ വരവ് ആവേശം പകരുമെന്നു നേതാക്കൾ കരുതുന്നു. വനിതാമതിലും സമത്വവാദവും മറ്റുമായി സ്ത്രീപക്ഷത്തു നിൽക്കുന്നവർ തങ്ങളാണെന്നു പ്രചരിപ്പിക്കാൻ സിപിഎം ശ്രമിക്കുമ്പോഴാണു പ്രിയങ്കയുടെ ഉദയം.

കേരളത്തിലെ എക്കാലത്തെയും ശക്തരായ കോൺഗ്രസ് നേതാക്കളുടെ ഗണത്തിലേക്കാണു കെ.സി. വേണുഗോപാലിന്റെ ഉയർച്ച. ദൗർബല്യങ്ങളുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യം പോലെ തന്നെ വലുതാണു കോൺഗ്രസെന്ന സംഘടനയും. അതിന്റെ പൂർണചുമതലയാണ് ഈ ദക്ഷിണേന്ത്യൻ നേതാവിൽ രാഹുൽ അർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷനു വേണ്ടി എല്ലാ നിയമനങ്ങളും പുറത്തിറക്കുന്നതു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായതോടെ പാർലമെന്റിലെ തന്റെ വിശ്വസ്തനായ പടനായകനെത്തന്നെ രാഹുൽ ആ ദൗത്യം ഏൽപ്പിച്ചു.

കെഎസ്‍യു യൂണിറ്റ് പ്രസിഡന്റ് സ്ഥാനം തൊട്ടുള്ള പടവുകൾ കയറിവന്ന ഒരു നേതാവിനെ ഉയർത്തുക വഴി പ്രവർത്തന മികവിന് അംഗീകാരം ലഭിക്കുമെന്ന സന്ദേശം കൂടിയാണു രാഹുൽ നൽകുന്നത്. ഇതോടെ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലും വേണുഗോപാലിന്റെ ഗ്രാഫ് ഉയരും. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സംഘടനാചുമതല നൽകിയതിനാൽ അദ്ദേഹത്തിനു വീണ്ടും മത്സരിക്കാൻ കഴിയുമോയെന്നതിനെക്കുറിച്ചു ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ട്. രാഹുലിന്റെ തീരുമാനമാകും ഇക്കാര്യത്തിലും അന്തിമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA