മാനന്തവാടി∙ കാരക്കാമല എഫ്സി കോൺവന്റിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനു സുപ്പീരിയർ ജനറൽ വീണ്ടും നോട്ടിസ് നൽകി. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ വിശദീകരണം ഫെബ്രുവരി 6ന് ഉള്ളിൽ എഴുതി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ അധ്യാപികയായ സിസ്റ്റർ ലൂസിയെ കാരക്കാമല ഇടവകയിലെ മതബോധന ക്ലാസെടുക്കുന്നതിൽനിന്നു മാറ്റിനിർത്താനുള്ള തീരുമാനം ഇടവക ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നു പിൻവലിച്ചിരുന്നു. പിന്നീട് ജനുവരി 9ന് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു സുപ്പീരിയർ ജനറൽ നോട്ടിസ് നൽകിയിരുന്നു. ഇതിനു സിസ്റ്റർ ലൂസി തയാറായില്ല.
ഇപ്പോൾ ലഭിച്ച നോട്ടിസിനു മറുപടി നൽകുമെന്നും തന്റെ ജീവനു ഭീഷണി ഉയരുംവരെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രഗേഷനിൽ തുടരുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു. സന്യാസസഭ നിലപാടിൽ മാറ്റം വരുത്തുകയാണു വേണ്ടത്. സഭയിൽ കാലഘട്ടം അനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണെന്നും സിസ്റ്റർ പറഞ്ഞു.