സർക്കാർ ജീവനക്കാരുടെ ഭവനവായ്പയ്ക്ക് മാർഗനിർദേശമായി

home-loan
SHARE

തിരുവനന്തപുരം ∙ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ  ജീവനക്കാരുടെ ഭവന വായ്പയ്ക്ക് സർക്കാരിന്റെ പച്ചക്കൊടി. വായ്പയ്ക്കായി ഡിഡിഒമാർക്ക് അപേക്ഷ നൽകാമെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഡിഡിഒമാർ നൽകേണ്ട നിരാക്ഷേപ പത്രത്തിന്റെ മാതൃകയും പുറത്തിറക്കി. എന്നാൽ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുറച്ചു പേർക്കു മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കി വായ്പ നൽകാൻ കഴിയൂ. വായ്പ ബാങ്കുകളിലേക്കു മാറ്റിയതിനാൽ ബാങ്കുകൾ വേഗത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്തില്ലെങ്കിൽ ജീവനക്കാർ വെട്ടിലാകും.

മാർഗനിർദേശമനുസരിച്ച് ജീവനക്കാർ ഡിഡിഒയ്ക്കാണ് അപേക്ഷ നൽകേണ്ടത്. തുടർന്ന് ഡിഡിഒമാരിൽ നിന്ന് നിരാക്ഷേപ പത്രം വാങ്ങി ബാങ്കിൽ സമർപ്പിക്കണം. ശേഷം ബാങ്കിൽ നിന്ന് വായ്പാ അനുമതിപത്രം വാങ്ങി ഡിഡിഒയ്ക്കു കൈമാറണം. രേഖകൾ സഹിതം പലിശ സബ്സിഡിക്കായുള്ള അപേക്ഷ ഡിഡിഒമാർ ധനവകുപ്പിന് കൈമാറും. ബാങ്കിൽ ശമ്പള അക്കൗണ്ട് തുടങ്ങിയവർക്കു മാത്രമേ വായ്പ ലഭിക്കൂ. സബ്സിഡിത്തുക സർക്കാർ ബാങ്കിനു നേരിട്ടു കൈമാറും. ഇതിനായി വൈകാതെ ഓൺലൈൻ സംവിധാനമൊരുക്കും. അപേക്ഷിച്ച ശേഷം വായ്പ റദ്ദാക്കുകകയോ സറണ്ടർ ചെയ്യുകയോ ചെയ്തവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരമുണ്ട്.

ഇൗ വർഷം 225 കോടി രൂപയാണ് ജീവനക്കാരുടെ  ഭവന വായ്പയ്ക്കു  മാറ്റിവച്ചിരുന്നത്. ഇതിൽ 50 കോടി രൂപ വിതരണം ചെയ്തു. ഇതിനു ശേഷമാണ് വായ്പ ബാങ്കുകൾ‌ വഴി നൽകാൻ തീരുമാനമുണ്ടായത്. നിലവിലെ വായ്പകൾ രണ്ടു ബാങ്കുകളിലേക്കു മാറ്റിയെങ്കിലും പുതിയ വായ്പകൾ വിതരണം ചെയ്യുന്നതിന് ബാങ്കുകളുമായി ചേർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയതാണ് ജീവനക്കാർക്കു തിരിച്ചടിയായത്. അടിസ്ഥാന ശമ്പളത്തിന്റെ 50 മടങ്ങുവരെയാണ് ജീവനക്കാർക്ക് എടുക്കാവുന്ന ഭവന വായ്പ. പരമാവധി 20 ലക്ഷം രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA