കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഘടകകക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്നു കരുതുന്നില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇനി മത്സരിക്കാനില്ലെന്നു ഹൈക്കമാൻഡിനെ അറിയിച്ച ശേഷമാണു താൻ കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഏതു മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കുന്ന ആളാണ് ഉമ്മൻചാണ്ടി. തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കണമെന്നതു പാർട്ടിയുടെ ആഗ്രഹമാണ്. അദ്ദേഹം മത്സരിക്കുന്നതു ഗുണകരമാകുമെന്നാണു പാർട്ടി വിലയിരുത്തൽ. അദ്ദേഹം ചോദിച്ചാൽ ഏതു സീറ്റും നൽകും. കോട്ടയത്തോ ഇടുക്കിയിലോ എവിടെ മത്സരിച്ചാലും ഉമ്മൻ ചാണ്ടി വിജയിക്കും.
ദേശീയതലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകത എല്ലാ ഘടകകക്ഷികൾക്കും നന്നായി അറിയാമെന്നും അതിനാൽ ആരും കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 20 സീറ്റിലും യുഡിഎഫ് വിജയിക്കും. കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക ഫെബ്രുവരി 20നു മുൻപായി ഹൈക്കമാൻഡിനു കൈമാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു.