ശബരിമല സമരത്തിനു പിന്നിൽ ഒരു രാജാവ്, ഒരു ചങ്ങനാശേരി, ഒരു തന്ത്രി: വെള്ളാപ്പള്ളി

vellappally-natesan
SHARE

കൊല്ലം ∙ ഒരു രാജാവ്, ഒരു ചങ്ങനാശേരി, ഒരു തന്ത്രി എന്നിവരാണു ശബരിമല സമരത്തിനു പിന്നിലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്പ്രാക്കന്മാരെന്നു ധരിക്കുന്ന ചിലരാണ് ആ തീരുമാനമെടുത്തത്.

ഹിന്ദുക്കൾക്കു വേണ്ടിയാണെങ്കിൽ എസ്എൻഡിപിയോടു കൂടി ആലോചിക്കണമായിരുന്നു. തമ്പ്രാക്കന്മാരും അടിയാന്മാരും എന്ന ചിന്തയുമായി നടന്നാൽ സഹകരിക്കാൻ ബുദ്ധിമുട്ടാണ്. മുൻ ഡിജിപി ടി.പി.സെൻകുമാറിനെ കാണിച്ച് എസ്എൻഡിപി പ്രാതിനിധ്യം പറയേണ്ട. അയ്യപ്പസംഗമത്തിനു രാഷ്ട്രീയലക്ഷ്യമുണ്ട്. മാതാ അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൂടും. പുത്തരിക്കണ്ടത്ത് അതാണുണ്ടായത്. മതിലിന്റെ പ്രസക്തി നഷ്ടപ്പെടുന്ന വിധത്തിൽ ശബരിമലയിൽ യുവതികളെ കയറ്റിയതിൽ പാളിച്ചയുണ്ടായിട്ടുണ്ട്. എന്നാൽ, ഇതു പിണറായി വിജയന്റെ ബുദ്ധിയല്ല. വേറെയാരുടെയോ കളിയാണ്. അത് ആരാണെന്നു സർക്കാർ അന്വേഷിക്കണം.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നടിയും. അവരുടെ വോട്ടുകൾ ബിജെപിക്കു പോകും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല. എസ്എൻഡിപി യോഗത്തിന് ഒരു രാഷ്ട്രീയകക്ഷിയോടും മമതയോ വിരോധമോ ഇല്ല. രാഷ്ട്രീയ തീരുമാനം എടുക്കാനുള്ള അധികാരം അംഗങ്ങൾക്കു വിട്ടുകൊടുത്തു. നേരത്തെ ഇക്കാര്യത്തിൽ തനിക്കു പാളിച്ച പറ്റിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

∙ 'കേന്ദ്രത്തിൽ ബിജെപിക്കു ഭൂരിപക്ഷം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. സകല ഞാഞ്ഞൂലുകളും ചേർന്നാണു മഹാസഖ്യമെന്ന പേരിൽ മോദി സർക്കാരിനെതിരെ ഒത്തുകൂടിയത്. ഇവർക്ക് ആശയപരമായി യോജിപ്പില്ല.' - വെള്ളാപ്പള്ളി നടേശൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA