കൊച്ചി ∙ ജയിൽപുള്ളികൾക്കു രോഗം വന്നാൽ പരോളിനു പകരം ചികിത്സയാണു നൽകേണ്ടതെന്നും തടവുകാരുടെ ചികിത്സ സർക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.കെ. കുഞ്ഞനന്തനു വഴിവിട്ടു പരോൾ അനുവദിക്കുന്നെന്നാരോപിച്ച് ടിപിയുടെ ഭാര്യ കെ.കെ. രമ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടിസ് നൽകാനും ഹൈക്കോടതി നിർദേശിച്ചു.
2012 മേയ് 4നു ടിപിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനു കഴിഞ്ഞ 29 മാസങ്ങൾക്കിടയിൽ 216 ദിവസം പരോൾ അനുവദിച്ചിട്ടുണ്ടെന്നാണ് ഹർജിക്കാരിയുടെ ആരോപണം. 2016, 2017 വർഷങ്ങളിലും കൂടുതൽ ദിവസങ്ങളിലും കുഞ്ഞനന്തൻ പരോളിലായിരുന്നെന്നും ഹർജിയിൽ പറയുന്നു.