ന്യൂഡൽഹി ∙ മലയാളി നാവികസേനാ ഉദ്യോഗസ്ഥൻ കമാൻഡർ അഭിലാഷ് ടോമിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡൽ. 23,000 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ– 1.85 കിലോമീറ്റർ) ദൂരം പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു സമുദ്ര സഞ്ചാരം നടത്തി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ അഭിലാഷ് (31), അടുത്തിടെ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി സഞ്ചാരത്തിനിടെ അപകടത്തിൽപ്പെട്ടിരുന്നു.
പ്രതികൂല കാലാവസ്ഥയോടു മല്ലിട്ട്, ജീവിതത്തിലേക്കു തിരികെയെത്തിയ അദ്ദേഹം സേനയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങവേയാണു പുരസ്കാരം. 2013 ൽ പായ്‌വഞ്ചിയിൽ ലോകം ചുറ്റി തിരിച്ചെത്തിയ അഭിലാഷിനെ രാജ്യം കീർത്തിചക്ര നൽകി ആദരിച്ചിരുന്നു. കൊച്ചി കണ്ടനാട് വെല്യാറ വീട്ടിൽ, നാവികസേന റിട്ട. ലഫ്. കമാൻഡർ വി.സി.ടോമിയുടെയും വൽസമ്മയുടെയും മകനാണ്.